വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്

Kerala

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ് അയച്ചു. ശനിയാഴ്ച രാവിലെ മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. വ്യാജ കാര്‍ഡ് ഉണ്ടാക്കിയ പ്രതികളെ രാഹുല്‍ സഹായിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേ സമയം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ കാര്‍ നല്‍കിയെന്നത് മാത്രമല്ല പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലെന്നുമാണ് പൊലീസ് നിഗമനം. അതിനിടെ കാര്‍ഡുകള്‍ ഉണ്ടാക്കാനുള്ള സിആര്‍ കാര്‍ഡ് എന്ന ആപ്ലിക്കേഷന്‍ തയാറാക്കിയതില്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ജെയ്‌സണ്‍ തോമസിനെയാണ് പൊലീസ് അനേഷിക്കുന്നത്.

അതേസമയം വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള സാധ്യതയാണ് തെളിയുന്നത്. സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്നു എന്നാണ് നിലവിലെ അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.