അല്‍ഹുദാ മദ്രസാ മാതൃ സംഗമവും സര്‍ട്ടിഫിക്കറ്റ് വിതരണവും

Saudi Arabia

ജിദ്ദ: അല്‍ ഹുദാ മദ്രസയുടെ 2023-24 അധ്യയന വര്‍ഷത്തെ മാതൃ സംഗമം മദ്രസാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ധാര്‍മ്മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത പഠനത്തിന്, വിശിഷ്യാ മദ്രസാ പഠനത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ഉള്‍ക്കൊള്ളണമെന്നും സംഗമത്തില്‍ മദ്രസാ പ്രിന്‍സിപ്പാള്‍ ലിയാഖത്ത് അലി ഖാന്‍ ഉദ്‌ബോധിപ്പിച്ചു. മക്കളെ ഇസ്‌ലാമിക ചുറ്റുപാടില്‍ വളര്‍ത്തുന്നതിനും അവരില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ സന്നിവേശിപ്പിക്കുന്നതിനും അവരുടെ ആദ്യ പാഠശാലയായ മാതാക്കളുടെ ശ്രദ്ധയും ഇടപെടലും സദാ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഉമ്മമാരെ ഓര്‍മ്മപ്പെടുത്തി.

മദ്രസയെക്കുറിച്ചും കുട്ടികളുടെ പഠന സംബന്ധമായ വിഷയങ്ങളെക്കുറിച്ചും മാതാക്കളില്‍ നിന്നും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവക്ക് മദ്രസാ അധ്യാപകരും മാനേജ്‌മെന്റും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ കുട്ടികള്‍ക്കായി കലാകായിക മത്സരങ്ങളും കുട്ടികളെയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠന യാത്രകളും സംഘടിപ്പിക്കുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

2022 23 അധ്യയന വര്‍ഷത്തില്‍ 5,7 ക്ലാസുകളിലെ സി.ഐ.ഇ.ആര്‍ പൊതുപരീക്ഷയില്‍ വിജയികളായ കുട്ടികളെ സംഗമത്തില്‍ വെച്ച് അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. നൂറ് ശതമാനം വിജയം നേടിയ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ നിന്നും അഹമദ് റിഷാന്‍, ഹെമിന്‍ അഹമദ്, ജസീല്‍ അഹമദ്, ഉമറുല്‍ ഫാറൂഖ്, അഫീഹ തെക്കില്‍, ഇന്‍ശ ഫിറോസ്, ശിസ്‌ന നിസാര്‍ എന്നിവരും അഞ്ചാം ക്ലാസില്‍ നിന്നും ഹദഫ് മുഹമ്മദ്, മുഹമ്മദ് യാസീന്‍, മുഹമ്മദ് സൈന്‍, സാഹില്‍ സാജിദ്, ഉമര്‍ നാസ്, അഫ്രീന്‍ അഷ്‌റഫ് അലി, ഫാത്തിമ ഫില്‍ദ, സാറ ഫാസില്‍ എന്നിവരും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. വിജയികളെ അധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും അനുമോദിച്ചു.

ദുബായില്‍ വെച്ച് നടന്ന എട്ടാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മദ്രസാ അധ്യാപകന്‍ മുഹമ്മദ് സുല്ലമി ആര്യന്‍തൊടികയെ ചടങ്ങില്‍ ആദരിച്ചു. അദ്ദേഹത്തിനുള്ള സ്‌നേഹോപഹാരം ഇസ്ലാഹി സെന്റെര്‍ ഭാരവാഹികള്‍ കൈമാറി. സംഗമത്തില്‍ മദ്രസാ കണ്‍വീനര്‍ ജമാല്‍ ഇസ്മായില്‍ നന്ദി പ്രകാശിപ്പിച്ചു.