ജിദ്ദ: വിശ്വാസികളുടെ ചിന്തകളേയും കർമ്മങ്ങളേയും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തണമെന്നും വിശുദ്ധ ഖുർആനാണ് വിശ്വാസിയുടെ ഒന്നാം പ്രമാണമെന്നും കേരള ജംഇയ്യത്തുൽ ഉലമാ (കെ ജെ യു) സെക്രട്ടറി അബ്ദുൽ അലി മദനി പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ പ്രതിവാര പ്രഭാഷണത്തിൽ ‘ഹദീസിന്റെ പ്രാമാണികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുർആൻ ദൈവീക വചനങ്ങളാണെന്നും ഹദീസുകൾ പ്രവാചകാധ്യാപനങ്ങൾ ആണെന്നും, ഇവ രണ്ടുമാണ് വിശ്വാസികളുടെ അടിസ്ഥാനപ്രമാണങ്ങൾ എന്നും അബ്ദുൽ അലി മദനി പറഞ്ഞു.
ഹദീസുകൾ സ്വീകാര്യയോഗ്യമാവുന്നതിന് ചില നിബന്ധനകൾ ഹദീസ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവ ഖുർആൻ വചനങ്ങൾക്ക് എതിരാവരുത് എന്നതാണ്. ഹദീസുകൾ റിപ്പോർട്ട് ചെയ്‌ത പരമ്പരകൾ (സനദ്) വിശ്വസനീയമാവണമെന്നും അതിൻറെ കാതൽ (മത്‍ന്) നന്നാവണമെന്നും നിബന്ധനയുണ്ട്. ഖുർആനിനെ ഖുർആൻ കൊണ്ടും പ്രവാചക വചനങ്ങൾ കൊണ്ടുമാണ് വ്യാഖ്യനിക്കേണ്ടത്, ഹദീസുകൾ ഖുർആൻ വചനങ്ങൾക്ക് എതിരായാൽ അവ സ്വീകാര്യയോഗ്യമല്ലെന്നും അബ്ദുൽ അലി മദനി സൂചിപ്പിച്ചു.
വിശുദ്ധ ഖുർആൻ മുഴുവനും പ്രവാചകന് വഹ്‌യ് (ദിവ്യ സന്ദേശം) മുഖേന ലഭിച്ചതാണ്, എന്നാൽ ഹദീസുകൾ എന്നത് പ്രവാചക വചനങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളുമാണ്. അവ സ്വഹാബികളിലൂടെയും അവരുടെ പിൻഗാമികളിലൂടെയും കൈമാറി വരുന്നതിനാൽ മാനുഷികമായ ചെറിയ ന്യൂനതകൾക്ക് സാധ്യതയുണ്ട്. വിശുദ്ധ ഖുർആനിന് എതിരാവുകയോ ആശയങ്ങൾ പരസ്പരം പൊരുത്തപ്പെടാതെ വരുകയോ ചെയ്യുമ്പോഴാണ് ഹദീസുകൾ തള്ളപ്പെടുന്നത്, ചില ഹദീസുകൾക്ക് ന്യൂനതകൾ ഉണ്ട് എന്ന് പറയുന്നതല്ല, മറിച്ച് ഹദീസുകൾ വേണ്ട എന്ന് പറയുന്നതാണ് ഹദീസ് നിഷേധം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 15 മുതൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളെ കുറിച്ചും വൈവിധ്യങ്ങളായ പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇന്ത്യൻ ഇസലാഹി സെന്റർ ജിദ്ദ വൈസ് പ്രസിഡണ്ട് ഹംസ നിലമ്പൂർ പരിപാടി നിയന്ത്രിച്ചു.