‘അറബി മലയാളം’ ആര്‍ക്കും പഠിക്കാം; സൗകര്യമൊരുക്കി വൈദ്യര്‍ അക്കാഡമി

Malappuram

കൊണ്ടോട്ടി: അറബി മലയാളം പഠിക്കാനുള്ള സൗകര്യമൊരുക്കി വൈദ്യര്‍ അക്കാഡമി. ആര്‍ക്കും എളുപ്പത്തില്‍ അറബി മലയാളം പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, അംഗങ്ങളായ പി. അബ്ദുറഹിമാന്‍, ഒ.പി. മുസ്തഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാപ്പിള കലകളെയും സംസ്‌കാരത്തെയും കുറിച്ച് പഠനങ്ങള്‍ നടത്തുന്നതിന് ഒഴിച്ചുകൂടാനാവാത്തതാണ് ‘അറബി മലയാളം’. നൂറ്റാണ്ടുകളോളം മലബാറിലെ മുസ്‌ലിംകളുടെ ഒരേയൊരു സംവേദന ഭാഷയായിരുന്ന ‘അറബി മലയാളം’ ഇന്ന് പ്രചാരത്തില്‍ ഇല്ല. ഗവേഷകരുടെ സൗകര്യാര്‍ത്ഥം അറബി മലയാളം ആര്‍ക്കും പഠിക്കാന്‍ സൗകര്യമൊരുക്കുകയാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, ഈ ഉദ്ദേശത്തോടെ മാപ്പിളകലാ അക്കാദമി തയ്യാറാക്കിയിട്ടുള്ള അറബി മലയാളം വീഡിയോ കോഴ്‌സ് നവംബര്‍ 27ന് കോഴിക്കോട് സര്‍വ്വകലാശാല വൈസ്ചാന്‍സ്‌ലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്യും.

പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അക്കാദമിയുടെ യൂടൂബ് ചാനലായ vaidyartv ലൂടെ കോഴ്‌സ് വീഡിയോസ് ലഭിക്കുന്നതാണ്. സര്‍വ്വകലാശാലയിലെ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. വസുമതി, അഡ്വ. പി.കെ. ഖലീമുദ്ദീന്‍, അറബിക് വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിക്കും.

അനുബന്ധമായി നടക്കുന്ന ‘അറബി മലയാളവും കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ മോഡറേറ്ററാകും. ഡോ. എം.കെ. ഭരതന്‍, ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി., ഡോ. പി.പി. അബ്ദുല്‍ റസാഖ്, പ്രൊഫസര്‍ സോമനാഥന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.