വയറും മനസ്സും നിറയും, അന്നമൂട്ടാന്‍ അവരുണ്ട്

Malappuram

കരിപ്പൂര്‍ (വെളിച്ചം നഗര്‍): കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിനെത്തുന്നവര്‍ക്കെല്ലാം മനസ്സുനിറഞ്ഞ് ഭക്ഷണം കഴിക്കാം. യൂണിറ്റിയുടെ പ്രവര്‍ത്തകരുടെ സ്നേഹപൂര്‍ണമായ പെരുമാറ്റത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് വയറുമാത്രമല്ല നിറയുക മനസ്സുകൂടെയാണ്.

ലക്ഷങ്ങള്‍ എത്തുന്ന സമ്മേളന നഗരിയില്‍ എല്ലാവര്‍ക്കും പരാതിക്കിടയില്ലാതെ അന്നമൂട്ടുകയെന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുത്ത യൂണിറ്റിയുടെ പ്രവര്‍ത്തര്‍ ഒരുപരാതിക്കും ഇടനല്‍കാതെ എല്ലാവര്‍ക്കും കൃത്യമായിതന്നെ ആവശ്യത്തിനുള്ള ഭക്ഷണം നല്‍കുന്നുണ്ട്.

പതിനഞ്ചിനാണ് സമ്മേളനം തുടങ്ങിയതെങ്കിലും അനുബന്ധപരിപാടികളും ദി മെസേഞ്ച് എക്സിബിഷനും കാര്‍ഷികമേളയും കിഡ്സ്പാര്‍ക്കും കെയര്‍ഹോം പവലിയനും ഖുര്‍ആന്‍ പഠനവേദിയുമായെല്ലാമായി ഒന്‍പതാം തിയ്യതി മുതല്‍ തന്നെ സമ്മേളന നഗരി സജീവമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരുപരാതിക്കും ഇടനല്‍കാതെ നല്ല രീതിയില്‍ വ്യത്യസതമായ വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതില്‍ ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യൂണിറ്റി പ്രവര്‍ത്തകര്‍ സന്തുഷ്ടരാണ്. പരാതിക്കിടയില്ലാതെ ഭക്ഷണം നല്‍കാല്‍ കഴിഞ്ഞതില്‍ സംഘാടകരും സന്തുഷ്ടരാണ്.

ഇനിയുള്ള ദിവസങ്ങള്‍ സമ്മേളനത്തിന്റെ പ്രധാന ദിനങ്ങളാണ്. അതുകൊണ്ട് തന്നെ ലക്ഷങ്ങള്‍ ഓരോ സമയത്തും ഭക്ഷണത്തിനുണ്ടാകും. ഇവര്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ഭക്ഷണം തയ്യാറാക്കി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകരും ചുമതലയുള്ള യൂണിറ്റി പ്രവര്‍ത്തകരും.

വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും ഭക്ഷണ വിഭവങ്ങളിലുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ നടന്ന ദിവസങ്ങളില്‍ ശരാശരി ആറായിരം മുതല്‍ എണ്ണായിരം വരെ ആളുകള്‍ ഓരോ നേരത്തും ഭക്ഷണത്തിന് എത്തിയിരുന്നതായി ഭക്ഷണ വിതരണത്തിന്റെ ചുമതയുള്ളവര്‍ പറഞ്ഞു.

ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണത്തിനെത്തുമെന്നാണ് കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ഒരേസമയം 20000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 90 കൗണ്ടറുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

രാവിലെ പ്രഭാത ഭക്ഷണം മുതല്‍ രാത്രി അത്താഴം വരെ ഓരോ നേരത്തേക്കും ഭക്ഷണം തയ്യാറാക്കി നല്‍കുന്ന പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സമ്മേളന നഗരിയിലെത്തുന്ന ആരും വിശന്നിരിക്കരുത് എന്ന സംഘാടകരുടെ കരുതലും യൂണിറ്റി പ്രവര്‍ത്തകരുടെ സേവന സന്നദ്ധതയും ഒന്നുചേരുന്നതോടെ സമ്മേളന നഗരിയിലെ ഒരു വിസ്മയം തന്നെയായി ഇതുമാറുകയാണ്.