രാമജന്മഭൂമി പ്രക്ഷോഭം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍: മുഖ്യമന്ത്രി

Kerala

കോഴിക്കോട്: രാമജന്മഭൂമി പ്രക്ഷോഭം എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുവാന്‍ കാരണമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ ഭാഗമായി കോഴിക്കോട്ടെ വാര്‍ത്താസമമേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷതയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ഇത് അംഗീകരിക്കാനാകില്ല. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പിന്നിലുള്ളത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് പാഠപുസ്തകത്തില്‍ ചേര്‍ക്കുന്നതിനോട് യോജിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളസദസ്സ് എന്താണെന്നത് പ്രതിപക്ഷ നേതാവിന് പറവൂരെത്തുമ്പോള്‍ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തിലെ റിക്കാഡുകള്‍ ഭേദിക്കുന്ന ജനക്കൂട്ടമാണ് നവകേരളസദസിന് എത്തിച്ചേരുന്നത്. അതിന്റെ വിറളിയാണ് പ്രതിപക്ഷ നേതാവിന്റേത്. നവകേരള സദസിന് ഫണ്ട് നല്‍കാനുള്ള തീരുമാനത്തിന്റെ പേരില്‍ പറവൂര്‍ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് പ്രതിപക്ഷ നേതാവാണ്. അല്ലാതെ മന്ത്രിയല്ല. തന്നെ ക്രിമിനലെന്നും മറ്റും വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്. തെറിവിളിക്കുന്നവരെയൊക്കെ അതുപോലെ തെറിവിളിക്കുന്നത് തന്റെ ശീലമല്ല. കുറേ വിളിച്ചിട്ട് പ്രതികരണമൊന്നുമില്ലെങ്കില്‍ അത് നിര്‍ത്തിക്കോളും. പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷക്ക് വിപരീതമായി കോണ്‍ഗ്രസ് നേതാക്കന്മാരടക്കം നവകേരളസദസ് വിജയിപ്പിക്കാന്‍ തിരുമാനിച്ച് മുന്നോട്ടുവരുന്ന അനുഭവമാണ് കാണുന്നത്. സാമ്പത്തികമായി സഹായിക്കാനും തയ്യാറാകുന്നുണ്ട്.

പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് നടപടിക്കിരയായത് വല്ലാത്ത സന്ദേശമാണ് നല്‍കുന്നത്. പലസ്തീന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറ്റമാണിത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.