വൈത്തിരി: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അനുദിനം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിം വിമന്‍സ് ആന്‍ഡ് ഗേള്‍സ് മൂവ്‌മെന്റ് (എം ജി എം) സംസ്ഥാന ശില്‍പശാല ആവശ്യപ്പെട്ടു. മികവ് 2023 എന്ന പേരില്‍ വൈത്തിരി മിസ്റ്റി ഗെയ്റ്റില്‍ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം ജി എം പ്രസിഡന്റ് സുഹ്‌റ മമ്പാട് ഉദ്ഘാടനം ചെയ്തു. ആലുവയില്‍ നടന്ന അതിക്രൂരമായ പീഡന കൊലയുടെ ഞെട്ടല്‍ വിട്ടു മാറുന്നതിനു മുമ്പ് വീണ്ടും ഒരു പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിരിക്കുകയാണ്. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം അതിക്രമങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചാല്‍ അതി ഗുരുതരമായ സാഹചര്യമായിരിക്കും നാട്ടില്‍ ഉണ്ടാവുക.
കുറ്റകാര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധതമാകണമെന്നും എം ജി എം ആവശ്യപ്പെട്ടു. പൊതു ഇടങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് നിര്‍ഭയം സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളത്. ലഹരിമാഫിയകളുടെ സ്വൈര്യ വിഹാരം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ കുടുംബങ്ങളില്‍ നിന്നും തുടങ്ങണമെന്നും എം ജി എം അഭിപ്രായപ്പെട്ടു.
ക്യാംപസുകളെ ലക്ഷ്യം വെക്കുന്ന ലഹരി മാഫിയകള്‍ വരും തലമുറയെ നശിപ്പിക്കുകയാണ്. ലഹരിവ്യാപനം കുടുംബങ്ങളില്‍ ഉണ്ടാക്കിയ ഗുരുതരമായ സാഹചര്യം പഠിക്കാനും പരിഹാരം കാണാനും വനിതാ സംഘാടനകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും എം ജി എം ആവശ്യപ്പെട്ടു. കുടുംബം എന്ന പവിത്രമായ സംവിധാനം തകര്‍ക്കാനുള്ള ഏത് നീക്കവും കരുതലോടെ കാണണം. മത വിരുദ്ധ ലിബറല്‍ ആശയങ്ങള്‍ കുടുംബസംവിധാനം തകര്‍ക്കാന്‍ ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്നും എം ജി എം ആവശ്യപ്പെട്ടു. ശില്‍പ്പശാലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനരൂപ രേഖ അവതരിപ്പിച്ചു. സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കി. ശില്‍പ്പശാല ഞായറാഴ്ച സമാപിക്കും. സമാപന സെഷന്‍ കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്യും.
എം ജി എം ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ റാബിയ കെഎം, വൈസ് പ്രസിഡന്റ് ആമിന അന്‍വരിയ്യ, സഫിയ ടീച്ചര്‍ പാലത്ത്, സൈനബ ടീച്ചര്‍, സുആദ ടീച്ചര്‍,എ അസ്ഗര്‍ അലി, എം സ്വലാഹുദ്ധീന്‍ മദനി, അബ്ദു റസാഖ് ബാഖവി എന്നിവര്‍ സംസാരിച്ചു.