ഗാനമേളക്കിടെ മഴ പെയ്തു, തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ചു

Kerala

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ പെണ്‍കുട്ടികളും രണ്ട് പേര്‍ ആണ്‍കുട്ടികളുമാണ്. തിരക്കില്‍ പെട്ട് 46 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2000ത്തിലേറെ കുട്ടികള്‍ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

പരിപാടി നടക്കുമ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കായിരുന്നു. ഇതിനിടെ പെട്ടെന്ന് മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ തിക്കി തിരക്കി കയറിയതാണ് അപകടത്തിന് കാരണമായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് ദുരന്തമായത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.