ദൃശ്യംപോലെയോ അതിനെക്കാള്‍ പ്രധാനമായോ ശബ്ദഖണ്ഡങ്ങളെ പ്രയോജപ്പെടുത്തുന്ന ചിത്രണരീതി ശ്രദ്ധേയം, ജസ്റ്റിന്‍ ട്രെയിറ്റിന്‍റെ Anatomy of a Fall മികച്ച ചലച്ചിത്ര കാഴ്ച

Cinema

സിനിമ വര്‍ത്തമാനം / ഡോ: ആസാദ്

ഈ വര്‍ഷം കാന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ പാം പുരസ്‌കാരം നേടിയ ചലച്ചിത്രമാണ് അനാറ്റമി ഓഫ് എ ഫാള്‍ ( Anatomy of a Fall). ജസ്റ്റിന്‍ ട്രെയ്റ്റ് ആണ് സംവിധായിക. ഗോള്‍ഡന്‍ പാം നേടുന്ന മൂന്നാമത് വനിതയാണ് അവര്‍. ദി പിയാനോ (1993) സംവിധാനം ചെയ്ത ജെയ്ന്‍ കേമ്പ്യന്‍, ടൈറ്റെയ്ന്‍ (2021) സംവിധാനം ചെയ്ത ജൂലിയ ഡൂക്കോര്‍നോ എന്നിവര്‍ക്കാണ് മുമ്പ് ഈ വലിയ പുരസ്‌കാരം ലഭിച്ചത്.

നാല്‍പ്പത്തഞ്ചുകാരിയായ ട്രെയ്റ്റിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അവാര്‍ഡ് സ്വീകരിച്ചു നടത്തിയ പ്രഭാഷണംപോലും ചര്‍ച്ച ചെയ്യപ്പെട്ടു. ഫ്രഞ്ച് സര്‍ക്കാറിന്റെ സാംസ്‌കാരിക നയത്തെ സാംസ്‌കാരിക വ്യവസായനയം എന്ന് തുറന്നടിക്കാന്‍ ട്രെയ്റ്റ് മടിച്ചില്ല. രാഷ്ട്രീയ ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുള്ള ആക്റ്റിവിസ്റ്റ് കൂടിയാണവര്‍. നവലിബറല്‍ നയങ്ങളുടെ നടത്തിപ്പിനോടു ശക്തമായി കലഹിക്കുന്ന ട്രെയ്റ്റിനെ അവിടത്തെ ഇടതുപക്ഷം പിന്തുണയ്ക്കുന്നുണ്ട്.

സ്ത്രീയനുഭവമാണ് അവരുടെ വിഷയം. ഫ്രഞ്ച് സിനിമയിലെ ആ നിശ്ശബ്ദത ഭഞ്ജിക്കുകയാണ് താനെന്ന് അവര്‍ പറയുന്നു. ഭര്‍ത്താവും പ്രശസ്ത സിനിമാ നിര്‍മ്മാതാവുമായ ആര്‍തര്‍ ഹരാരി ശക്തമായ പിന്തുണയാണ് അവര്‍ക്കു നല്‍കുന്നത്. അനാറ്റമി ഓഫ് എ ഫാള്‍ എഴുതി ഒരുക്കാന്‍ ഹരാരിയും സഹായിച്ചു. ഒരു ചിത്രകാരിയാവാന്‍ ആഗ്രഹിച്ചു തുടങ്ങിയ പഠനകാലം പൊതു സ്ത്രീസമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങളിലേക്ക് വഴുതിയതു മൂലമാവാം അവര്‍ വീഡിയോ ചിത്രീകരണത്തിലേക്കും ചലച്ചിത്ര നിര്‍മ്മാണത്തിലേക്കും എത്തിപ്പെട്ടു. സൂക്ഷ്മമായ നിരീക്ഷണവും നിര്‍ഭയമായ ആവിഷ്‌കാരവും അവരുടെ സവിശേഷതയാണ്.

അനാറ്റമി ഓഫ് എ ഫാള്‍ കോടതിമുറി ചിത്രീകരണ സിനിമകളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. പടിഞ്ഞാറ് പ്രത്യേക ഷാനറാണ് കോടതിമുറി ആവിഷ്‌കാരങ്ങള്‍. അവയുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങളില്‍നിന്നു പുറത്തുകടന്ന് നിയമത്തിന്റെ അകത്തുതന്നെ ഭിന്നമായ ഒരു വിചാരണയുടെ ചിത്രീകരണം ഒരുക്കുന്നു ട്രെയ്റ്റ്. ഒരു കുടുംബത്തിന്റെ സൂക്ഷ്മാവസ്ഥകളിലേക്ക് സഞ്ചരിക്കുന്നു ക്യാമറ. ദൃശ്യവും ശബ്ദവുമൊപ്പുന്നു. സ്ത്രീപ്രശ്‌നങ്ങള്‍ വിവേചനവും പീഡനവും കൊലപാതകവുമായി നൂറുകണക്കിനു സിനിമകളിലുണ്ട്. അത് താനെന്തിന് ആവര്‍ത്തിക്കണമെന്ന് ഒരഭിമുഖത്തില്‍ സംവിധായിക ചോദിക്കുന്നുണ്ട്.

എഴുത്തുകാരിയും വിവര്‍ത്തകയുമാണ് സാന്ദ്ര. ജര്‍മ്മന്‍കാരിയാണ്. ഭിന്ന ലൈംഗികാഭിരുചിയും ആകര്‍ഷകമായ വ്യക്തിത്വവും ഉള്ളവളാണ്. ഭര്‍ത്താവും എഴുത്തുകാരന്‍. ഫ്രഞ്ചുപൗരനായ സാമുവല്‍. അവര്‍ക്ക് പതിനൊന്നു വയസ്സുകാരനായ മകനുണ്ട്. ഡാനിയല്‍. കണ്ണിനു കാഴ്ച്ചയില്ല. സമര്‍ത്ഥനായ ഒരു നായയാണ് അവന് യാത്രാകൂട്ട്. സാന്ദ്രക്കു കിട്ടുന്ന അംഗീകാരം എഴുത്തു മുട്ടുന്ന സാമുവലിന് അസഹ്യമാകുന്നു. സിനിമ തുടങ്ങുന്നത് ഒരു യുവതി സാന്ദ്രയെ ഇന്റര്‍വ്യു ചെയ്യാന്‍ എത്തുമ്പോഴാണ്. ആ അഭിമുഖ സംഭാഷണത്തിനിടയില്‍ മുകള്‍നിലയില്‍ ഉറക്കെ പാട്ടുവെച്ചുള്ള സാമുവലിന്റെ അസഹിഷ്ണുത പ്രകടമാക്കുന്ന ഇടപെടല്‍ അവരുടെ ദാമ്പത്യത്തിലെ സ്ത്രീയിടം സംബന്ധിച്ച അടയാളപ്പെടുത്തലാകുന്നു. അഭിമുഖം ബഹളത്തിന്റെ നിഴലില്‍ അവസാനിക്കുന്നു.

വളര്‍ത്തുനായയോടൊപ്പം നടക്കാന്‍പോയി തിരിച്ചുവരുന്ന ഡാനിയല്‍ മുകളില്‍നിന്നു വീണു മരിച്ചുകിടക്കുന്ന സാമുവലിനെ കാണുന്നു. വീടിന്റെ മുകളിലെ ബാല്‍ക്കണിയില്‍നിന്നു വീണതാണോ ഭാര്യ സാന്ദ്ര വധിച്ചതാണോ എന്ന സന്ദേഹത്തിലേക്കും നിയമനിഷ്ഠമായ അന്വേഷണങ്ങളിലേക്കും സിനിമ നീങ്ങുന്നു. ഈ വിസ്താരത്തിനിടയില്‍ സാന്ദ്രയുടെ വേറിട്ട വ്യക്തിത്വവും എരിയുന്ന മുറിവുകളും ഒതുക്കപ്പെട്ട തൃഷ്ണകളും തെളിഞ്ഞുവരുന്നു. പുറമേ അലോസരങ്ങളില്ലാതെ കടന്നുപോകുന്ന ദാമ്പത്യത്തിനകത്ത് സൂക്ഷ്മവൈവിദ്ധ്യങ്ങളുടെ സ്‌ഫോടനം നടക്കുന്നതെങ്ങനെയെന്ന് ട്രെയ്റ്റ് ചിത്രീകരിക്കുന്നു. ശക്തയും ആത്മബോധമുള്ളവളുമായ ഒരു സ്ത്രീയെ അവര്‍ സാന്ദ്രയില്‍ കാണുന്നു. പുരുഷാധികാര പൊതുബോധത്തിന്റെ രക്ഷാകര്‍തൃത്വത്തിനും കാവലിനുമെതിരെ പൊരുതി വിജയിക്കുന്ന കഥാപാത്രമായി സാന്ദ്ര മാറുന്നു.

കോടതിമുറി നാടകങ്ങളും സിനിമകളും വാര്‍ന്നു വീഴുന്ന വിരസമായ പതിവു പാറ്റേണ്‍ പൊളിച്ചു പണിഞ്ഞു മുറുക്കവും തുടര്‍ച്ചയുമുള്ള സംവാദമായും സൗന്ദര്യാത്മക അനുഭവമായും അതിനെ മാറ്റിത്തീര്‍ക്കാന്‍ സംവിധായികക്കു കഴിഞ്ഞിട്ടുണ്ട്. കഥയിലെ സാന്ദ്രയും സാമുവലും എന്നപോലെ പ്രതിഭയാര്‍ന്ന രണ്ടു വ്യക്തിത്വങ്ങളാണ് ജസ്റ്റീന്‍ ട്രെയ്റ്റും ഭര്‍ത്താവ് ആര്‍തര്‍ ഹരാരിയും. എന്നാല്‍ സാമുവലല്ല താനെന്ന് ഹരാരി എഴുതുന്നു. എത്രയോ വലിയ പ്രതിഭയാണ് തന്റെ ഭാര്യ ട്രെയ്‌റ്റെന്ന് അഭിമാനത്തോടെ ഹരാരി പറയുന്നു. ഈ ഐക്യത്തിന്റെ വിജയമാണ് അനാറ്റമി ഓഫ് എ ഫാളിനു കിട്ടിയ ഗോള്‍ഡന്‍ പാം.

ദൃശ്യംപോലെയോ അതിനെക്കാള്‍ പ്രധാനമായോ ശബ്ദഖണ്ഡങ്ങളെ പ്രയോജനപ്പെടുത്തുന്ന ചിത്രണരീതി ശ്രദ്ധേയമാണ്. ഫ്‌ലാഷ്ബാക്ക് പോലെയുള്ള പതിവ് സങ്കേതങ്ങളെയും അകറ്റിനിര്‍ത്തുന്നു. ഗൃഹാന്തരീക്ഷത്തിനും അതിന്റെ സ്വാഭാവിക പരിണതികള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടാണ് ക്യാമറ നീങ്ങുന്നത്. വ്യക്തിബന്ധങ്ങളുടെ വൈകാരിക നേര്‍മ്മകളിലേക്കു ക്യാമറക്കണ്ണെത്തുന്നു. സാന്ദ്ര സാമുവല്‍ ബന്ധവും സാന്ദ്ര ഡാനിയല്‍ (മകന്‍) ബന്ധവും അത്ര സൂക്ഷ്മമായാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഫ്രഞ്ചു സിനിമയില്‍നിന്നു ലോകം പുതിയ പ്രഭാവം അറിയുകയാണ്. ശക്തയായ ഒരു സ്ത്രീ സംവിധായിക മാസ്‌റ്റേഴ്‌സിന്റെ നിരയിലേക്ക് നടന്നടുക്കുകയാണെന്ന് തോന്നുന്നു. മികച്ച അനുഭവമായി ഈ ചലച്ചിത്ര കാഴ്ച്ച.