മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്ക്

Cinema

കോഴിക്കോട്: സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ഐ എഫ് എഫ് കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.

ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ എത്തുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ് ദീപു എസ്സ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *