കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. ഉപഗ്രഹ സര്‍വേ അബദ്ധ പ്രഖ്യാപനമായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സീറോ ബഫര്‍ സോണിലേക്ക് നീങ്ങാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വകുപ്പ് മന്ത്രിക്ക് പോലും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. റിപ്പോര്‍ട്ട് കുറ്റമറ്റതാണെന്ന് മന്ത്രിയും സമ്മതിച്ചിട്ടില്ല. ഉപഗ്രഹ സര്‍വേയാണോ നേരിട്ടുള്ള സര്‍വേയാണോ സുപ്രീം കോടതിയില്‍ സര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ കര്‍ഷകരെ വഴിയാധാരമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സഭാമേലധ്യക്ഷന്‍മാരുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കാണണം. ദുരഭിമാനം വെടിഞ്ഞ് കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. യു ഡി എഫ് അന്നും ഇന്നും കര്‍ഷകര്‍ക്കൊപ്പം തന്നെയാണ്. റിപ്പോര്‍ട്ട് തള്ളിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് യു ഡി എഫ് കടക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് സി കെ ശ്രീധരന്‍ ഏറ്റെടുത്തത് പ്രതിഷേധാര്‍ഹമാണ്. പാര്‍ട്ടി മാറിയതിന്റെ പേരില്‍ പെരിയ കൊലപാതകികളെ രക്ഷിക്കുന്നത് വഞ്ചനയാണെന്നും സി കെ ശ്രീധരന്‍ വക്കാലത്തില്‍ നിന്നു പിന്‍മാറണമെന്നു പഴയ സുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഡി സി സിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി എം നിയാസ്, എന്‍ സുബ്രമണ്യന്‍, അഡ്വ ഐ മൂസ, ആദം മുല്‍സി എന്നിവര്‍ സംബന്ധിച്ചു.