മോദിയുടെ കനിവില്‍ പിണറായിക്ക് ആശ്വാസം; മനസമാധാനത്തോടെ നവകേരള സദസ്സ് നടത്താം

Kerala

തിരുവനന്തപുരം: മോദിയുടെ കനിവില്‍ പിണറായി വിജയന് മനസമാധാനത്തോടെ നവകേരള സദസ്സുമായി മുന്നോട്ട് പോകാം. നവകേരള സദസ്സിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പിണറായി സര്‍ക്കാറിന് മോദി സര്‍ക്കാറിന്റെ ഒരു കൈ സഹായം എത്തുന്നത്.

അതുകൊണ്ട് തന്നെ അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങില്ല. അടുത്ത ജനുവരി മുതല്‍ മാര്‍ച്ച് വരെ കടമെടുക്കാന്‍ അനുവാദമുള്ള 3,800 കോടി രൂപ ആവശ്യമെങ്കില്‍ അതിനു മുന്‍പ് എടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ഈ ആശ്വാസം. കേന്ദ്രത്തിന്റെ ഈ തീരുമാനം വലിയ ആശ്വാസമാണ് കേരളത്തിന് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ട്രഷറി പൂട്ടുന്നതും തത്ക്കാലം ഒഴിവായികിട്ടും. നവകേരള സദസ്സിനിടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമോ എന്ന വലിയ ആശങ്ക സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ കനിവില്‍ ഇനി ആശങ്കയില്ലാതെ നവകേരള സദസ്സുമായി മുന്നോട്ട് പോകാം.

ഡിസംബര്‍ വരെ 52 കോടി രൂപ മാത്രമാണു സംസ്ഥാനത്തിനു കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ദൈനംദിന ചെലവുകള്‍ക്ക് ഈ പണം തികയില്ലെന്ന് ഉറപ്പായതിനാല്‍ മുന്‍കൂട്ടി കടമെടുപ്പിന് ഏതാനും മാസമായി അനുമതി തേടുകയായിരുന്നു. അനുമതി ലഭിച്ച 3,800 കോടിയില്‍ 1,500 കോടി രൂപ ഈ മാസം 28നു കടമെടുക്കും. ബാക്കി അടുത്ത മാസം എടുക്കാനാണ് ആലോചന. അതുകൊണ്ട് ഡിസംബര്‍ മാസം പ്രശ്‌നമില്ലാതെ പിടിച്ചു നില്‍ക്കാം. അതിന് ശേഷം വീണ്ടും കേന്ദ്രത്തെ സമീപിച്ച് എന്തെങ്കിലും കൂടി നേടിയെടുക്കാനാകും ശ്രമം.

ജിഎസ്ഡിപിയുടെ ഒരു ശതമാനം കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇത് അനുവദിക്കുമെന്നാണു പ്രതീക്ഷ. അങ്ങനെയെങ്കില്‍ 10,000 കോടി രൂപയെങ്കിലും അധികം ലഭിക്കും. ഇതുവഴി സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നിറവേറ്റാം. ഇതിന്റെ സൂചനയാണ് 3800 കോടി നേരത്തെ കടമെടുക്കാന്‍ നല്‍കിയ അനുമതി എന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങളുള്ളപ്പോള്‍ കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാത്ത പ്രവര്‍ത്തനമാണ് മോദി സര്‍ക്കാറില്‍ നിന്നും ഉണ്ടാകുന്നത്.