അഞ്ചുപതിറ്റാണ്ടിന് ശേഷം അവര്‍ ഒത്തുചേര്‍ന്നു, കുടുംബത്തോടൊപ്പം

Kozhikode

കോഴിക്കോട്: അന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. പലരും പല വഴിക്ക് പിരിഞ്ഞു. ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. കോഴിക്കോട് പരപ്പില്‍ എം എം ഹൈസ്‌കൂളിലെ 1973 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളായിരുന്നവരാണ് അപൂര്‍വ്വ സംഗമത്തിനായി ഒത്തുചേര്‍ന്നത്. ഇവരില്‍ പലരും ഇന്ന് 65നു മുകളില്‍ പ്രായമുള്ളവരാണ്. ഇന്നലെ കോഴിക്കോട് പാരമൗണ്ട് ടവറിലായിരുന്നു ഇവര്‍ സൗഹൃദം പുതുക്കി വീണ്ടും ഒത്തുചേര്‍ന്നത്.

ഇവരില്‍ പലരും ഗള്‍ഫില്‍ പോയി പണക്കാരായി, ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബിസിനസുകാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ അങ്ങനെ സമൂഹത്തിന്റെ നാനാ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും അല്ലാത്തവരുമായവരുടെ കൂട്ടായ്മ കൂടിയായി ഈ സൗഹൃദ സംഗമം മാറി.

അന്ന് ഇവരെ പഠിപ്പിച്ച അധ്യാപകരുടെ സാന്നിധ്യത്തില്‍ പലരും വിനീതരായി. അധ്യാപകരെ ആദരിക്കുകയും പൊന്നാടയണിയിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. പാട്ടുകളും, തമാശകളും, കടങ്കഥകളും, ബംപര്‍ പ്രൈസുകളും രുചിയൂറും ഭക്ഷണവുമെല്ലാം സംഗമത്തിന്റെ മാറ്റുകൂട്ടി. 1973 ബാച്ചിന്റെ പരിപാടിക്ക് സാക്ഷികളാകുവാന്‍ ഭാര്യമാരും കുട്ടികളും പേരമക്കളും എത്തിയിരുന്നു.

ചടങ്ങില്‍ ആര്‍കിടക്റ്റ് എസ് വി നാസര്‍ അധ്യക്ഷത വഹിച്ചു. വളപ്പില്‍ അബ്ദുസ്സലാം, കെ പി മുഹമ്മദലി, പി കെ ബഷീര്‍, പി കോയസ്സന്‍ കോയ, സി സി അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ അബൂബക്കര്‍ മാസ്റ്റര്‍, മാധവന്‍ മാസ്റ്റര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍ എന്നിവരും അനുഭവങ്ങള്‍ പങ്കുവെച്ചു.
എസ് വി കോയസ്സന്‍, സി പി ബഷീറുദ്ദീന്‍, ബി വി ബഷീര്‍, പി കെ ബഷീര്‍, എസ് ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി.