കൂമന്‍കൊല്ലി വത്സല ടീച്ചറുടെ രണ്ടാം വീട്, ഈ വസതി സ്മാരകമാക്കണം

Opinions

സ്മരണ /കെ കെ സുരേന്ദ്രന്‍

1980 കളുടെ അവസാനം എഴുതപ്പെടാതെ പോയ എം.ഫില്‍. പ്രബന്ധത്തിന്റെ ദത്ത ശേഖരണത്തിനായാണ് വത്സല ടീച്ചറെ ആദ്യമായി കാണുന്നത്. കോഴിക്കോട്ടെ അവരുടെ വസതിയില്‍ പിന്നീട് പല തവണ പോയി. അക്കാലവര്‍ നടക്കാവ് ഗേള്‍സ് സ്‌കൂളിലും ടിടിഐയിലും പ്രധാനാധ്യാപികയായിരുന്നു. ഗേള്‍സ് സ്‌കൂളിന്റെ വികസനത്തിന് തുടക്കം കുറിച്ചത് ടീച്ചറാണെന്ന് ഞാന്‍ കരുതുന്നു. വയനാട്ടുകാരനായ വിദ്യാര്‍ത്ഥിയെന്ന പരിഗണന ടീച്ചര്‍ എനിക്ക് നല്‍കി.

ടീച്ചറുടെ വര്‍ത്തമാനവും ചിരിയും എന്റെ മനോമുകുരത്തില്‍ ഇപ്പോഴും ദീപ്തമായി ജ്വലിച്ചു നില്‍ക്കുന്നു. പഞ്ചപുച്ഛമടക്കി വണങ്ങി മുന്നില്‍ നിന്നാല്‍ നേരെ നോക്കുക പോലും ചെയ്യാത്ത സാഹിത്യ തമ്പുരാന്മാര്‍ വാണരുളുന്ന നാടാണ് കോഴിക്കോട് . ജീവിച്ചിരുന്നപ്പോഴും ഇപ്പോള്‍ മരിച്ചതിനു ശേഷവും അവരെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്. തന്റെ അനുഭവങ്ങളും ചിന്തകളും ഭാവനയും സാഹിത്യരൂപത്തിലാക്കി മഷി പുരട്ടിയ സ്‌നേഹമയിയായ ടീച്ചറെന്ന് വിലയിരുത്താനാണെനിക്കിഷ്ടം.

നെല്ലില്‍ തുടങ്ങിയ അവരുടെ ദീര്‍ഘവും ബൃഹത്തുമായ സാഹിത്യസപര്യയിലൂടെ കടന്നുപോകാതെ അവരെ പുരോഗാമിയും സംഘിയും ആദിവാസിയെ വിറ്റുതിന്നവളും മോഷണക്കാരിയും ഒക്കെയാക്കുന്ന സാഹിത്യബാഹ്യ വിശകലനങ്ങളാണ് ചിലര്‍ക്ക് പഥ്യം. അറുപതുകളില്‍ ആദിവാസിയെ കുറിച്ചെഴുതിയതിന് ഉദ്യോഗത്തില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെടലിന്റെ വക്കത്തെത്തിയ ഒരളാണ് കെ. പാനൂര്‍. പാനൂരിന്റേയും വത്സല ടീച്ചറുടെയും എഴുത്തിന് പോരായ്മകള്‍ ഉണ്ടാവാമെങ്കിലും ഈ മേഖലയിലെ പ്രാതസ്മരണീയര്‍ എന്ന സ്ഥാനം ഇവര്‍ക്കുണ്ട്. കെ.പാനൂര്‍ അന്തരിച്ചിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിന്റെ സ്മരണക്കായി ഒരു സമാരകം നിര്‍മിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് എല്ലാവരും നിശബ്ദരാണ്.

തിരുനെല്ലിയിലുള്ള കൂമന്‍കൊല്ലി വത്സല ടീച്ചറുടെ രണ്ടാം വീടാണ്. ആ വീടു തന്നെ ടീച്ചറുടെ സ്മാരകമാക്കുന്നത് ഉചിതമായിരിക്കും. ടീച്ചറുടെ കുടുംബവ സര്‍ക്കാറും കൂട്ടായി ആലോചിച്ച് ഇത്തരമൊരു ഉദ്യമത്തിനായി ശ്രമിക്കുമെന്ന് കരുതുന്നു. നിസ്വരോടും പാര്‍ശ്വവത്കൃതരോടുമുള്ള സഹഭാവം തന്റെ സാഹിത്യത്തിന്റെ സത്തയായി കണ്ട മലയാള നോവലിസ്റ്റിനും കഥാകാരിക്കും ആദരാഞ്ജലി.