ഷൈമോളുടെ മരണം: ഭര്‍തൃപിതാവും അറസ്റ്റില്‍, യുവതി ഇരയായത് ക്രൂരപീഡനത്തിനെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Crime

കോട്ടയം: അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃപിതാവും അറസ്റ്റില്‍. പനയത്തിക്കവല പാക്കത്തുകുന്നേല്‍ വര്‍ക്കിയാണ് അറസ്റ്റിലായത്. യുവതി ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഭര്‍തൃ പിതാവിനെ അറസ്റ്റ് ചെയ്തത്.

ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പനയത്തിക്കവല പാക്കത്തുകുന്നേല്‍ വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈമോളുടെ മരണത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് അമ്മയും സഹോദരങ്ങളും കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

ഷൈമോള്‍ മരണത്തിന് രണ്ടുദിവസം മുമ്പ് അതിരമ്പുഴയിലെ സ്വന്തം വീട്ടിലെത്തി ഭര്‍ത്താവിന്റെ വീട്ടിലെ പീഡനത്തെക്കുറിച്ചും ഭര്‍തൃ പിതാവിന്റെ തന്നോടുള്ള മോശം പെരുമാറ്റത്തെ കുറിച്ചും പറഞ്ഞതായി അമ്മ ഷീല പൊലീസിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇത്‌ള ശരിവയ്ക്കുന്ന സൂചനകളാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ഷൈമോളുടെ വയറിനുള്ളില്‍ രക്തം വാര്‍ന്ന് കെട്ടിക്കിടന്നിരുന്നു. കാലില്‍ പഴയതും പുതിയതുമായ മുറിവുകള്‍ കാണപ്പെട്ടതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ഒടിവോ പൊട്ടലോ ഇല്ലെന്നും തൂങ്ങിമരണമാണെങ്കില്‍ അത് സംഭവിക്കേണ്ടതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയുടെ മരണം ആത്മഹത്യയല്ലെന്ന സൂചനയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഷൈമോളുടെ ഭര്‍ത്താവ് അനില്‍ വര്‍ക്കിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ ഏഴിനാണ് ഷൈമോള്‍ സേവ്യറിനെ ഭര്‍തൃവീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.