ഏലമല കാടുകളിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: പി.സി.തോമസ് 

Kottayam

കോട്ടയം: “കാർഡമം ഹിൽ റിസേർവ്വ് ” എന്നറിയപ്പെടുന്ന ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളിൽ ഏലം കൃഷി ചെയ്തു രാജ്യത്തിന് വൻ സമ്പത്ത് ഉണ്ടാക്കിയിട്ടുള്ള കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് ആവശ്യപ്പെട്ടു. 

ആ മേഖല മുഴുവൻ വനമാണെന്നും, ഉടമസ്ഥാവകാശം വനത്തിനാണെന്നും വരത്തക്ക വിധത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞതും, സർക്കാർ നടത്തുന്ന ചില നീക്കങ്ങളും കൃഷിക്കാർക്ക് വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. 1982 കാലം മുതൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടാണെങ്കിലും, ഏറെ കൃഷി നടത്തി, അതു വലിയ തോതിൽ  വിജയം ആക്കി , ഏറ്റവും കൂടുതൽ ഗുണം ജനങ്ങൾക്കും കേരളത്തിനും രാഷ്ട്രത്തിനും നേടിയ കർഷകർക്ക് അനുകൂലമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് തോമസ് ആവശ്യപ്പെട്ടു. ഇതു  സംബന്ധിച്ച് നെടുംകണ്ടത്ത്  സെപ്റ്റംബർ 28ന് കേരള കോൺഗ്രസ്  ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ ജോജി ഇടപ്പള്ളി ക്കുന്നേൽ നേതൃത്വം നൽകിയ ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ്. 

കർഷകർക്കെതിരെ സുപ്രീംകോടതിയിൽ ഒരു കേസ് നിലനിൽക്കുന്നതിൽ വേണ്ടി വന്നാൽ കക്ഷിചേരാനും, കർഷകർക്ക് അനുകൂലമായ രീതിയിൽ ഉത്തരവു   നേടുന്നതിനും, കേരള കോൺഗ്രസ് ശ്രമിക്കുമെന്നും തോമസ് അറിയിച്ചു.