പാലത്തിന്‍റെ കല്‍ക്കെട്ട് തകര്‍ന്ന വിവരമറിഞ്ഞയുടന്‍ നവീകരണത്തിനായി 25 ലക്ഷം അനുവദിച്ച് മാണി സി കാപ്പന്‍

Kottayam

പാലാ: വണ്‍, ടു, ത്രീ പറഞ്ഞ് തീരുംമുമ്പ് കല്‍ക്കെട്ട് തകര്‍ന്ന പാലത്തിന്റെ നവീകരണത്തിനായി മാണി സി കാപ്പന്‍ എം എല്‍ എ 25 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നാണ് അന്ത്യാളം താമരരുക്ക് അന്തീനാട് റോഡില്‍ അന്തീനാട് പള്ളിക്കു മുന്‍പിലെ പാലത്തിന്റെ അടിവശത്തെ കല്‍കെട്ട് തകര്‍ന്നത്. പാലാ തൊടുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. ഇതോടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

കല്‍ക്കെട്ട് തകര്‍ന്ന സംഭവം പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മാണി സി കാപ്പന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടനെ 25 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിക്കുകയായിരുന്നു. അന്തീനാട് ശാന്തിനിലയം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. അന്തീനാട് പള്ളി, അന്തീനാട് ക്ഷേത്രം, കൊല്ലപ്പള്ളി എന്നിവിടങ്ങളിലേയ്ക്കു പോകാനായി ജനങ്ങള്‍ ആശ്രയിക്കുന്ന പാലമാണ് ഇത്.
ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന് ഉണ്ടായിരുന്ന ബലക്ഷയം കനത്ത മഴയെത്തുടര്‍ന്നു പ്രതികൂലമായി ബാധിക്കുകയായിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിര നടപടി സ്വീകരിക്കാന്‍ മാണി സി കാപ്പന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശവും നല്‍കി.