സ്ത്രീകളും പുരുഷന്മാരും അടിസ്ഥാനപരമായി മനുഷ്യരാണ്

Opinions

ചിന്ത / എസ് ജോസഫ്

‘ജാതിമതവര്‍ണ്ണബോധ്യങ്ങള്‍ നേരനുഭവങ്ങളല്ലേ. അവ മനഃപൂര്‍വം സന്നിവേശിപ്പിക്കയല്ലല്ലോ, സംസ്‌കാരത്തിന്റെ പ്രത്യക്ഷവത്കരണമല്ലേ.’ വല്‍സല കാഞ്ഞിലപ്പാറ’ പൂര്‍ണമായും യോജിക്കാന്‍ കഴിയില്ല കവിതയ്ക്ക് വിശാലമായ ലോകമുണ്ടെന്നുള്ളത് ശരിതന്നെ പക്ഷെ ജാതിമതവര്‍ണ ഭേദങ്ങള്‍ തുടരുന്ന കാലമത്രയും വംശീയ അതിക്രമങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന കാലമത്രയും കണ്ണടച്ചിരുട്ടാക്കാന്‍ പ്രയാസമാണ് ‘ ലിജിന ലിച്ചൂസ്.

27/ 11 / 2023 ലെ കവിതയെ സംബന്ധിച്ച എന്റെ പോസ്റ്റിന് വന്ന കമന്റുകള്‍ ആണ് മുകളില്‍ . കമന്റുകള്‍ എഴുതിയതിന് നന്ദിയും സ്‌നേഹാദരങ്ങളും .

മറുപടി: രണ്ടു തരം നിലപാടുകള്‍ ഉണ്ട്. സ്വത്വാധിഷ്ഠിതവും സത്താധിഷ്ഠിതവും ഞാന്‍ സംസാരിക്കുന്നത് സത്താധിഷ്ഠിതമായാണ് അഥവാ സത്വാധിഷ്ഠിതമായാണ് . ലകാനിയന്‍ കണ്ണാടി ഘട്ടത്തിലൂടെ അല്ലെങ്കില്‍ അദറിംഗിലൂടെ കുറെ കവികള്‍ സബ്ജക്ടുകള്‍ ആയിട്ടുണ്ട്. നോക്കൂ പാരമ്പര്യത്തില്‍ നിന്നല്ല അവര്‍ കവിതയിലേക്ക് വന്നത് , അപാരമ്പര്യത്തില്‍ നിന്നാണ് . കാലത്തിന്റെ മാറ്റവും ഉത്തരാധുനികമായ അവബോധവും അവര്‍ക്കുണ്ട്. അവര്‍ ധീരരാണ്. ജാതി , മതം , വര്‍ണം ഒക്കെ മറികടന്നതുകൊണ്ടാണ് അവര്‍ക്ക് ഭേദപ്പെട്ട കവികളാകാന്‍ സാധ്യമായത്. അതവര്‍ അറിയുന്നുണ്ടോ ഇല്ലയോ എന്നത് വിഷയമല്ല. മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങളുമായും സംഘര്‍ഷത്തിലാകുന്നതായിരുന്നു ദളിത് കവിത.

ആ ഘട്ടം കഴിഞ്ഞു . ഇനി സത്താപരമായ ഊന്നലാണ് പ്രധാനം. ലോകത്തുള്ളവരെ തുല്യനിലയിലേ പരിഗണിക്കാവൂ. ഉടുപ്പൂരി ദ്വന്ദ്വയുദ്ധത്തിന് പോകുമ്പോലെയാണ് കവി ലോകത്തിലേക്ക് കടക്കുന്നത്. ഉടുപ്പ് ഭാരങ്ങളാണ്. അതിലൂടെ , ധീരതയിലൂടെ മാത്രമേ ലോകയാത്ര സാധ്യമാകൂ. ജാതിയെ , മതത്തെ , നിറത്തെ വകവയ്ക്കരുത്. അതിനെ എതിര്‍ക്കണമെന്ന് പറയുന്നില്ല. നിങ്ങളുടെ വിഷയം അതാകാതിരുന്നാല്‍ മതി. അതാണ് സ്വത്വത്തില്‍ നിന്ന് സത്തയിലേക്ക് ഉയരാനുള്ള വഴി. ഇന്ത്യയില്‍ മാത്രമേ നിങ്ങള്‍ക്ക് ജാതിയുള്ളു. എല്ലായ്‌പ്പോഴും അതില്ലതാനും. ഇന്ത്യയ്ക്ക് പുറത്തെത്തിയാല്‍ നിങ്ങള്‍ ഇന്ത്യനാണ് . ഇവിടെ നിങ്ങളെ താണവരായി കാണുന്നവരെ അവഗണിക്കുക. നിങ്ങളെ തുല്യനിലയില്‍ കാണുന്നവരുമായി കൂട്ടുകൂടുക. കവികളേ നിങ്ങള്‍ ജ്ഞാനികളാണ്. ജ്ഞാനികള്‍ക്ക് സാധ്യതകള്‍ ഉണ്ട്. സംസ്‌കാരത്തിന്റെ പ്രതൃക്ഷവല്‍ക്കരണങ്ങള്‍ പലതുണ്ട്. അവയുടെ അടിമയാവേണ്ട കാര്യം കവിക്കില്ല.

സ്ത്രീകവിതയുടെ കാര്യത്തിലും ഇവ പ്രസക്തമാണ്. സ്ത്രീകള്‍ അവരെ സത്താപരമായി കാണുന്ന , തുല്യനിലയില്‍ കാണുന്ന മനുഷ്യരുമായി സൗഹൃദം നിലനിര്‍ത്തുക. ഒരു സാംസ്‌കാരിക സമൂഹമായി രൂപപ്പെടുക എന്നതാണ് ചെയ്യേണ്ടത്. എല്ലാവരേയും ഒരുമിപ്പിച്ചു നിര്‍ത്താന്‍ നോക്കേണ്ടതില്ല. സംവരണ കാര്യങ്ങള്‍ കവിതയുടെ പ്രശ്‌നമല്ല. സ്ത്രീ കവിത സ്ത്രീകളുടെ കാര്യമാണെന്ന് ഒരാള്‍ എഴുതിക്കണ്ടു. സ്ത്രീകളും പുരുഷന്‍മാരും അടിസ്ഥാനപരമായി മനുഷ്യരാണ്.