കേരളം സുപ്രീം കോടതിയിലേക്ക്, സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?

Articles

ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍

സാമ്പത്തിക പ്രതിസന്ധികൊണ്ട് പൊറുതിമുട്ടിയ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. കേന്ദ്രം തരാനുള്ളതും വായ്പാ എടുക്കാനുള്ളതും കൂട്ടി 57,400 കോടിയാണ് സംസ്ഥാനത്തിന് നഷ്ടപെട്ടത് എന്നാണ് മുഖ്യമന്ത്രി നവകേരള സദസ്സില്‍ കേരളമാകെ പറഞ്ഞുവരുന്നത്. എവിടെയോ മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, കഴിഞ്ഞ 7 വര്‍ഷത്തിനകം ഒരു ലക്ഷം കോടി കേരളത്തിന് നഷ്ടപ്പെട്ടു എന്ന മറ്റൊരു കണക്കും.

സുപ്രീം കോടതി എന്ത് വിധിക്കും എന്നത് അവിടെ നില്‍ക്കട്ടെ. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അതേപടി വിഴുങ്ങുന്നവരില്‍, അസ്ഥിയെ പിടിച്ച മാക്‌സിസ്റ്റുകള്‍ മാത്രമല്ല, ബിരുദാനന്തര ബിരുദധാരികളും ജവ. ഉ ക്കാരും യൂണിവേഴ്‌സിറ്റി അധ്യാപകരും ഒക്കെയുണ്ട്. ഇവരില്‍ ചിലരൊക്കെ എന്റെ സുഹൃത്തുക്കളുമാണ്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളുടെ വിശദാശംങ്ങള്‍ തത്കാലം വിടാം. കേന്ദ്ര സര്‍ക്കാര്‍ കേരളം ചോദിക്കുന്ന 57,400 കോടിയില്‍ ഒരു 35,000 കോടി വളരെ ഉദാരമായി കേരളത്തിന് അനുവദിക്കുന്നു എന്ന് സങ്കല്പിക്കുക. 15,000 കോടി ഗ്രാന്റ് ആയും 20,000 കോടി കൂടുതല്‍ കടമെടുപ്പുമാണെന്നി രിക്കട്ടെ. മറ്റുള്ള 30 സംസ്ഥാനങ്ങള്‍ വെറുതെ ഇരിക്കുമോ? മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിന് 35,000 കോടി കൊടുക്കാമെങ്കില്‍ 22 കോടിയുള്ള ഉത്തര്‍ പ്രദേശിന് എത്ര കൊടുക്കണം.? അങ്ങനെ എല്ലാവര്‍ക്കും കൊടുക്കാന്‍ പോയാല്‍ രാജ്യത്തിന്റെ ധനകാര്യ സുസ്ഥിരത എവിടെ എത്തും? മറ്റൊന്ന് കേന്ദ്രം പിരിക്കുന്ന നികുതികളില്‍ സംസ്ഥാനങ്ങളും ആയി പങ്കിടേണ്ടവയുടെ 42% സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിക്കുന്നത് ഭരണഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിയമിക്കുന്ന ധനകാര്യ കമ്മിഷനുകളാണ്. ഓരോ സംസ്ഥാനവും കൂടുതല്‍ കിട്ടാനുള്ള സകല വിദ്യകളും പയറ്റുന്ന ഇടം മാണത്. അതിനപ്പുറം കേന്ദ്രത്തിന് ഒന്നും കൊടുക്കാനാവില്ല.

ഇതിനര്‍ത്ഥം കേന്ദ്രം എല്ലാം വളരെ സുതാര്യമായി ചെയ്യുന്നു എന്നല്ല. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതല്ലാത്ത സെസ്സുകളില്‍ നിന്നും സര്‍ച്ചാര്‍ജുകളില്‍ കൂടിയും കേന്ദ്രം അടുത്ത കാലത്ത് കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കുന്നുണ്ട്. ഇത് സംസ്ഥാനങ്ങളുമായി പങ്കിടുകയായിരുന്നുവെ ങ്കില്‍ അവരുടെ ഓഹരി വര്‍ധിക്കുമായിരുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്കു നേരെ കണ്ണുവാട്ടം കാണിക്കുന്നതിനും ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ ഫെഡറല്‍ രാജ്യങ്ങളിലുമുള്ള പ്രശ്‌നങ്ങളാണ്.

പിന്നെ കേന്ദ്രവും സംസ്ഥാനങ്ങളും ഇരുമ്പുമതില്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന രണ്ട് പ്രദേശങ്ങള്‍ ഒന്നുമല്ല. അധികാരങ്ങളും ചുമതലകളും വിഭജിക്കുന്ന ഒരു സംവിധാനം മാത്രം. ഈ വിഭജനത്തിന് കൃത്യമായ സാമ്പത്തിക ശാസ്ത്ര യുക്തിയുണ്ട്. കേന്ദ്രം പിരിക്കുന്ന നികുതി രാജ്യ സുരക്ഷ, റെയില്‍, റോഡ്, വ്യോമ, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. ഇതെല്ലാം സംസ്ഥാനങ്ങളുടെയും നികുതി വരുമാനം വര്‍ധിപ്പിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം കേന്ദ്രമാണോ സംസ്ഥാനമാണോ നല്‍കുന്നു എന്നതല്ല, മെച്ചപ്പെട്ട സേവനങ്ങള്‍ ആര് നല്‍കുന്നു എന്നതാണ്.

രസകരമായ ഒരു കാര്യം, 15ാo ധനകാര്യ കമ്മിഷന്‍മൂലം കേരളത്തെക്കാള്‍ നഷ്ടമുണ്ടായ കര്‍ണാടകക്കും തമിഴ് നാട്ടിനും ഇത്തരം അവകാശവാദങ്ങള്‍ ഒന്നുമില്ലെന്നതാണ്. അവര്‍ക്കൊന്നും ഇതിന് സമയമില്ല. അവരൊക്കെ വന്‍തോതില്‍ മുതല്‍ മുടക്ക് ആകര്‍ഷിക്കുന്നു.

കേരളത്തിനാണ് ഏറ്റവും കൂടുതല്‍ revenue deficit ഗ്രാന്റ് കിട്ടിയത്. 53132 കോടി രൂപ. ഒഡിഷ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവര്‍ക്കൊന്നും ഒറ്റ പൈസ ഈ ഇനത്തില്‍ കിട്ടിയിട്ടില്ല. അതിലെ കളികളെക്കുറിച്ച് മറ്റൊരു കുറപ്പില്‍ എഴുതിയിരുന്നു.

ഫെഡറല്‍ രാജ്യങ്ങളില്‍ ഓരോ തലത്തിലും നികുതി പിരിക്കാനും ചുമതലകള്‍ നിറവേറ്റാനും അവസരമുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ ഇതുണ്ട്. സംസ്ഥാനത്തലത്തില്‍ ഇത് കൂടുതലാണ്. പക്ഷെ ഓരോ തലത്തിലെയും രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളുടെ മുന്‍പില്‍ നല്ലപിള്ള ചമയണം. നികുതി പിരിക്കാതെ എല്ലാ സേവനങ്ങളും കൊടുക്കുന്ന ആലിബാബമാര്‍ ആകാനാണ് ഇഷ്ടം. അതിനുള്ള എളുപ്പമാര്‍ഗം നേരെ മുകളിലുള്ള തലത്തെ ആശ്രയിക്കുകയും കിട്ടാതെ വന്നാല്‍ കുറ്റം പറയുകയുമാണ്.

ഏറെ കഷ്ടം ,100% സാക്ഷരതയുള്ള കേരളത്തില്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് അപ്പടി വിഴുങ്ങാന്‍ പ്രജകളെ കിട്ടുന്നു എന്നതാണ്.