ചിന്ത / ഡോ: ആസാദ്
കേരളത്തിന്റെ അവകാശങ്ങള്‍ പിടിച്ചുവെക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയം മാത്രമല്ല പൊതുപണവും വിഭവവും ധൂര്‍ത്തടിക്കുകയും കേരളത്തെ വായ്പാക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നയവും തിരുത്തപ്പെടണം.
പരസ്പരം പഴിപറഞ്ഞും പോരടിച്ചും ഒരേ നയത്തിന്റെ രണ്ടാവിഷ്‌കാരങ്ങള്‍ നിര്‍വ്വഹിക്കുകയാണ് കേന്ദ്ര കേരള സര്‍ക്കാറുകള്‍. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതിപരിഷ്‌കാരം രണ്ടിടത്തുമുണ്ട്. സേവനഫീസുകളും പലമടങ്ങായി വര്‍ദ്ധിപ്പിച്ചു. വന്‍കിട വ്യവസായികളെയും കോര്‍പറേറ്റുകളെയും തുണയ്ക്കുന്ന സാമ്പത്തിക സമീപനം തുടരുന്നു. ജനങ്ങളെ പൗരപ്രമുഖരെന്നും സാധാരണക്കാരെന്നും രണ്ടു തട്ടുകളുണ്ടാക്കുന്നു. സ്വജനപക്ഷപാതം ശക്തമായി തുടരുന്നു. വിയോജിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നവരെ ക്രൂരമായി അടിച്ചമര്‍ത്തുന്നു. ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്നു.
കേരളത്തിനെതിരായ കേന്ദ്ര നീക്കത്തിനോ കേന്ദ്രത്തിനെതിരായ സംസ്ഥാന നീക്കത്തിനോ പിന്തുണ കിട്ടാത്തതിനു കാരണം രണ്ടു കൂട്ടരും കേരളത്തിലെ ജനങ്ങളോട് ആത്മാര്‍ത്ഥത കാണിക്കുന്നില്ല എന്നതാണ്. കേരളം സാമ്പത്തിക പ്രയാസത്തിലാണെങ്കില്‍ ഉള്ള പണത്തിന്റെ വിനിയോഗത്തില്‍ സാധാരണ മനുഷ്യരുടെ ദുരിത ജീവിതങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന രീതിയില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ ജനാധിപത്യ സര്‍ക്കാറിനു ബാദ്ധ്യതയുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ അതാണ് ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍, സങ്കുചിത താല്‍പ്പര്യം മുന്‍നിര്‍ത്തി ധൂര്‍ത്തും കൊള്ളയും നടത്താനും അധികച്ചെലവിന് ഇടവരുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് അതിനോടു യോജിക്കാനാവില്ല.
അതിനാല്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും കേരളത്തിലെ ജനങ്ങളോടു കാണിക്കുന്ന അനീതിക്കെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. ഇതില്‍ ഒരുകൂട്ടരുടെ കൂടെനിന്ന് മറുകൂട്ടരോട് പൊരുതേണ്ടകാര്യം സംസ്ഥാനത്തെ പൗരന്മാര്‍ക്കില്ല.