ആലപ്പഴ: കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്തത് രോഗവും സാമ്പത്തിക ഞെരുക്കവും കാരണം. ഒമ്പതാം വാര്‍ഡ് മൂലേപ്പറമ്പില്‍ സുനുവും ഭാര്യ സൗമ്യയുമാണ് കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തൂങ്ങി മരിച്ചത്. വിദേശത്തായിരുന്ന സൗമ്യ തിരികെ പോകുന്നതിന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ രക്താര്‍ബുദം കണ്ടെത്തിയിരുന്നു. ഇതും സുനുവിന്റെ അസുഖവും കുടുംബത്തെ അലട്ടിയിരുന്നു. കൂടാതെ വീട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കടബാധ്യതകളും അലട്ടി. ഇതാണ് സുനുവിനേയും സൗമ്യയേയും കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
കൊല്ലപ്പെട്ട ആദിയും അതുലും ഇരട്ടക്കുട്ടികളാണ്. രാവിലെ ആറു മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. പതിവ് സമയം കഴിഞ്ഞിട്ടും വീട്ടില്‍ ആരും ഉണരാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നി വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം കാത്ത് നിന്നിട്ടും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ വാതില്‍ ചവുട്ടി തുറന്ന് അകത്ത് കടക്കുകയായിരുന്നു. വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം ഏവരും കാണുന്നത്.