പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ യുവതി നാലുവയസ്സുകാരനെ കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്‍ ആതിര ദമ്പതികളുടെ മകന്‍ റിത്വിക്കിനെയാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
സംഭവത്തിന് ശേഷം സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ചേട്ടന്‍ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
മധുസൂദനന്റെ അമ്മ പത്മാവതി പനിയെ തുടര്‍ന്നു കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ അടുത്തേക്ക് പോകാനാണ് ആതിര മകന്‍ റിത്വിക്കിനെ ദീപ്തിയുടെ അടുത്താക്കിയത്. ദീപ്തിക്ക് അഞ്ച് വയസ്സുള്ള മകളുണ്ട്. ആതിരയും മധുസൂദനനും പിതാവ് രവിയും ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി വാതിലില്‍ തട്ടിയെങ്കിലും ആരും തുറന്നില്ല. ഒടുവില്‍ ദീപ്തിയുടെ അഞ്ച് വയസ്സുകാരി മകളാണ് വാതില്‍ തുറന്ന് കൊടുത്തത്.
വീട്ടില്‍ക്കയറിയപ്പോള്‍ റിത്വിക്കിനെ അനക്കമില്ലാത്ത നിലയിലും യുവതിയെ രക്തം വാര്‍ന്ന് അബോധാവസ്ഥയിലും കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിത്വിക്ക് മരിച്ചിരുന്നു. റിത്വിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു. കരുവപ്പാറ സെയ്ന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രീ കെ.ജി. വിദ്യാര്‍ഥിയാണ് റിത്വിക്.