ഭാര്യ ഉപേക്ഷിച്ച് പോയിട്ടും പെണ്‍മക്കളെ വളര്‍ത്തിയ പിതാവ് മൂന്ന് മക്കളുടേയും കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചു

Crime

കോട്ടയം: ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷവും മൂന്ന് പെണ്‍മക്കളേയും പോറ്റിയ പിതാവ് മൂന്ന് മക്കളുടേയും കഴുത്തറുത്തതിന് ശേഷം തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.

മക്കളായ അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരുടെ കഴുത്തറുത്താണ് ജോമോന്‍ ജീവനൊടുക്കിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേരില്‍ ഇളയവളായ അനാമികയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.

ജോമോന്റെ ഭാര്യ ഒന്നര വര്‍ഷം മുമ്പാണ് കുട്ടികളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് പോയത്. ഇതിന് ശേഷം മൂന്ന് പെണ്‍മക്കളേയും ജോമോനാണ് വളര്‍ത്തുന്നത്. പെട്ടന്നുള്ള പ്രകോപനത്തിനും ഇത്തരമൊരു ക്രൂരകൃത്യത്തിനും ജോമോനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല.