കൊല്ലം: ഇസ്രയേല്‍ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് കൃഷ്ണചന്ദ്രന്‍. യുവതിയുടെ കഴുത്തറുത്തും വയറ്റില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ മൊഴിലാണ് കൊല നടത്തിയത് താനാണെന്ന് വ്യക്തമാക്കുന്നത്.
ഇസ്രയേല്‍ സ്വദേശിനിയായ രാധ എന്ന് വിളിക്കുന്ന സ്വത്വ (36) ക്രൂരമായ രീതിയിലാണ് കൊല്ലപ്പെട്ടത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ (75) ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. യുവതിയുടെ ആവശ്യപ്രകാരം താനാണ് കൊല നടത്തിയതെന്ന് കൃഷ്ണചന്ദ്രന്‍ വ്യക്തമാക്കി.
സ്വത്വയ്ക്ക് രോഗമുണ്ടായിരുന്നു എന്നും രോഗം മാറാത്തതിന്റെ മനോവിഷമത്തില്‍ രാധ സ്വയം മരിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കൃഷ്ണചന്ദ്രന്‍ പറയുന്നത്. എന്നാല്‍, കഴുത്തറുത്തു മരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്ന് തന്നോട് കൊന്നുതരാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് താന്‍ സ്വത്വയെ കൊലപ്പെടുത്തിയതെന്നും കൃഷ്ണചന്ദ്രന്‍ പൊലീസിനോടു പറഞ്ഞു. അതിനുശേഷം രാധയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് സ്വയം കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കൃഷ്ണചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, കൃഷ്ണചന്ദ്രന്റെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്നും മൊഴി പൂര്‍ണ്ണമായും വിശ്വാസയോഗ്യമല്ലെന്നുമാണ് പൊലീസ് പറയുന്നത്.
കൊല്ലം പുന്തലത്താഴം ഡീസന്റ് ജംഗ്ഷന് സമീപം കോടാലിമുക്കില്‍ കൃഷ്ണചന്ദ്രന്റെ ജ്യേഷ്ഠന്റെ മകന്‍ രവിചന്ദ്രന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വര്‍ഷങ്ങളായി ഉത്തരാഖണ്ഡില്‍ യോഗ പരിശീലകനായിരുന്ന കൃഷ്ണചന്ദ്രന്‍, അവിടെ യോഗ പരിശീലനത്തിന് എത്തിയ യുവതിയുമായി പരിചയത്തില്‍ ആകുകയായിരുന്നു. പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നീങ്ങി. ഉത്തരാഖണ്ഡിലെ യോഗ പരിശീലനം മതിയാക്കി ഇരുവരും ഒരുവര്‍ഷം മുമ്പ് കൃഷ്ണചന്ദ്രന്‍ കോടിലിമുക്കിലുള്ള രവിചന്ദ്രന്റെ വാടക വീട്ടിലെത്തി താമസം തുടങ്ങുകയായിരുന്നു.
ആയുര്‍വേദ ചികിത്സയ്‌ക്കെന്ന പേരിലാണ് കൃഷ്ണചന്ദ്രന്‍ യുവതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ രവിചന്ദ്രന്‍ ജോലിക്ക് പോയിരുന്നു. ബന്ധുവീട്ടിലേക്ക് പോയ ഭാര്യ ബിന്ദു വൈകിട്ട് മൂന്നരയോടെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ബിന്ദു ജനാലയില്‍ മുട്ടിയതോടെ കൃഷ്ണചന്ദ്രനെത്തി പിന്‍വാതില്‍ തുറന്നുവെന്നും ബിന്ദു പറയുന്നു. അകത്തു കയറിയ ബിന്ദു കണ്ടത് സ്വത്വ ഹാളില്‍ കഴുത്തറുത്ത നിലയിലാണ്. ഇതു കണ്ട് ബിന്ദു നിലവിളിച്ചതോടെ കൃഷ്ണചന്ദ്രന്‍ പെട്ടെന്ന് വാതിലടച്ചു.
ബിന്ദുവിന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തി വാതില്‍ ചവിട്ടിത്തുറന്നു. ആ സമയം കൃഷ്ണചന്ദ്രന്‍ സ്വയം വയറ്റില്‍ കുത്തി അവശനായി കടിക്കുന്നതാണ് അയല്‍വാസികള്‍ കാണുന്നത്.