വിസ്മയക്കാഴ്ചകളുടെ പൂക്കാലവുമായി ഡിസംബര്‍ 20മുതല്‍ വയനാട് ഫ്‌ളവര്‍ഷോ വീണ്ടും വരുന്നു

Wayanad

കല്പറ്റ: ഒരു കാലത്ത് വയനാട്ടിന്റെ ഉത്സവമായിരുന്ന വയനാട് പുഷ്പമേള വീണ്ടും തിരിച്ചുവരുന്നു. ഡിസംബര്‍ 20 മുതല്‍ വിസ്മയക്കാഴ്ചകളുടെ പൂക്കാലമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. പുഷ്പ സമൃദ്ധിയുടെ ദിനങ്ങള്‍ വയനാടിന് വീണ്ടും സമ്മാനിക്കുമ്പോള്‍ ഇത്തവണ നിരവധി വ്യത്യസ്ത പരിപാടികളാണ് ആസൂത്രം ചെയ്തിരിക്കുന്നത്. വയനാട് പുഷ്പഫല സസ്യ പ്രദര്‍ശനം ഇത്തവണ വിസ്മയകരമായ കാഴ്ച്ചാനുഭവമാണ് പുഷ്പ പ്രേമികള്‍ക്ക് സമ്മാനിക്കുക.

വിവിധയിടങ്ങളില്‍ നിന്നുള്ള വ്യത്യസ്തയിനം പൂക്കളോടൊപ്പം വയനാടിന്റെ തനതായ പൂക്കളും ഒരുക്കുന്നുണ്ട്. പ്രത്യേക മാതൃകയില്‍ ഒരുക്കുന്ന ഉദ്യാനവും പൂക്കളിലും ചെടികളിലും തീര്‍ക്കുന്ന അനവധി ഇന്‍സ്റ്റലേഷനുകളും ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ടുലിപ്, ഓര്‍ക്കിഡ്, റോസ്, ലില്ലി, ലിക്കാടിയാ, ജമന്തി, അരുളി തുടങ്ങി വൈവിധ്യമാര്‍ന്ന പുഷ്പനിരക്ക് പുറമേ കട്ട് ഫ്‌ളവേഴ്‌സ് ഷോ, ലാന്‍ഡ് സ്‌കേപ്പിംഗ് ഷോ എന്നിവയും ഉണ്ടാകും.

വയനാട് പുഷ്‌പോത്സവത്തോടനുബന്ധിച്ച് ഫാഷന്‍ ഷോ മത്സരങ്ങള്‍, കലാസന്ധ്യകള്‍, നാടന്‍ മലബാര്‍ ഭക്ഷ്യമേള, പായസ മേള കൂടാതെ പുഷ്പങ്ങള്‍ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങളും മേളയെ വ്യത്യസ്തമാക്കും.

ഡിസംബര്‍ 20 മുതല്‍ തുടങ്ങുന്ന മേളയുടെ ഭാഗമായി കല്പറ്റ നഗരത്തെ ഉത്സവഛായ പകരുന്നതിനായി വ്യാപാര സ്ഥാപനങ്ങള്‍ക്കായി അലങ്കാര മത്സരവും ഉണ്ട്. എട്ടുവര്‍ഷമായി മുടങ്ങിക്കിടന്ന മേള ഇത്തവണ തിരിച്ചെത്തുമ്പോള്‍ അത് വയനാട്ടുകാര്‍ക്ക് മാത്രമല്ല മേളയിലെത്തുന്ന ആര്‍ക്കും മറക്കാനാവാത്ത അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.