ചിന്ത / എ പ്രതാപന്‍
എം ഡി രാമനാഥനെ കുറിച്ചുള്ള ഈ കുറിപ്പ് ഞാന്‍ പോസ്റ്റ് ചെയ്തിട്ട് ഒരു വര്‍ഷമായി എന്ന് എആ പറയുന്നു. സ്വന്തം സംഗീതത്തിന് വില പറയാന്‍ അറിയാതെ മരിച്ചു പോയ ആ ഗായകന്റെ ഓര്‍മ്മ എനിക്ക് വളരെ പ്രധാനം. ഒപ്പം രാമനാഥന്റെ ആരാധകനായിരുന്ന കണ്ണൂരിലെ ഒരു വലിയ മനുഷ്യനെ കുറിച്ചുള്ള ഓര്‍മ്മകളും.
രാമനാഥന്‍ പാടുമ്പോള്‍
**
മഹാഗായകന്‍ എം ഡി രാമനാഥന്റെ വലിയ ആരാധകനായിരുന്നു കണ്ണൂരിലെ കണ്ണോത്തുംചാലില്‍ താമസിച്ചിരുന്ന രാമകൃഷ്ണയ്യര്‍. വലിയ സംഗീത പണ്ഡിതനായിരുന്നു. സംഗീതത്തില്‍ തീവ്രമായ ഇഷ്ടാനിഷ്ടങ്ങള്‍ വെച്ച് പുലര്‍ത്തിയിരുന്നു. ചുരുക്കം ചിലരെ മാത്രമേ അംഗീകരിക്കുമായിരുന്നുള്ളൂ. ഗായകരില്‍ രാമനാഥന്‍, ഫ്‌ലൂട്ടില്‍ മാലി, മൃദംഗത്തില്‍ പാലക്കാട് മണി അയ്യര്‍ അങ്ങനെയങ്ങനെ. എണ്‍പതുകളില്‍ രാമനാഥനെ കേള്‍ക്കുക എളുപ്പമായിരുന്നില്ല. അന്ന് സംഗീത സീഡികള്‍ ഇല്ല. ഓഡിയോ കേസറ്റുകളും ലഭ്യമായിരുന്നില്ല. ഏക ആശ്രയം രാമകൃഷ്ണയ്യരുടെ വീട്. ഞാന്‍ പല തവണ അവിടെ പോയി. പലര്‍ക്ക് വേണ്ടിയും . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നൊക്കെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞ് കേട്ട് വരുമായിരുന്നു.അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്തു.
ആ കാലത്താണ് സച്ചിമാഷുടെ ‘രാമനാഥന്‍ പാടുമ്പോള്‍’ എന്ന കവിത വരുന്നത്. ആ കവിത വായിച്ച് രാമകൃഷ്ണയ്യര്‍ക്ക് വലിയ സന്തോഷമായി. അതിലെ ഓരോ വരികളിലൂടെയും വാക്കുകളിലൂടെയും അദ്ദേഹം ആഴത്തില്‍ സഞ്ചരിച്ചു.
‘ മൗനത്തിന്റെ രജതയാമങ്ങള്‍ക്കു കുറുകെ നാദത്തിന്റെ പൊന്മാന്‍ ചാടുന്നു’ എന്ന വരിയൊക്കെ എന്നോട് എത്രയോ തവണ പറഞ്ഞിരിക്കുന്നു. ആയിടെ തലശ്ശേരിയില്‍ ഒരു പ്രഭാഷണത്തിനായി സച്ചിമാഷ് വന്നു. വിവരമറിഞ്ഞ് രാമകൃഷ്ണയ്യരും എത്തി. സച്ചിമാഷെ ആ രാത്രി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി രാമനാഥനെ കേള്‍പിക്കാന്‍. വളരെ ബുദ്ധിമുട്ടി ചില നിര്‍ദ്ദോഷമായ നുണകള്‍ പറഞ്ഞ് രക്ഷപ്പെട്ടാണ് ആ ക്ഷണം ഒഴിവാക്കി എന്റെ വീട്ടിലേക്ക് അന്ന് സച്ചിമാഷ് വന്നത്.
രാമകൃഷ്ണയ്യര്‍ കണ്ണൂര്‍ നഗരത്തില്‍ വരുമ്പോള്‍ പലപ്പോഴും എന്റെ ഓഫീസില്‍ വന്നു. അവസാന കാലത്ത് മുകളിലേക്ക് കയറാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. ആരോടെങ്കിലും പറഞ്ഞയക്കും. ഞാന്‍ താഴെ ചെന്ന് കാണും. കാണുന്ന മിക്ക സന്ദര്‍ഭങ്ങളിലും അദ്ദേഹം രാമനാഥനെ കുറിച്ചും രാമനാഥന്‍ പാടുമ്പോള്‍ എന്ന കവിതയെ കുറിച്ചും പറഞ്ഞു. സച്ചിമാഷുടെ ആ കവിതക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് അതായിരുന്നു എന്ന് ഞാന്‍ കരുതുന്നു.
സൗദാമിനി എന്ന സംവിധായിക രാമനാഥനെ കുറിച്ച് ‘ പിതൃഛായ’ എന്ന ചലചിത്രം സംവിധാനം ചെയ്യുന്ന കാലത്ത് രാമകൃഷ്ണയ്യരെ കാണാന്‍ കണ്ണൂരിലെത്തി. രാമനാഥന്‍ പാടുമ്പോള്‍ എന്ന കവിതയുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വീട്ടിലേക്ക് ചെല്ലാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ പോയി. അദ്ദേഹം ആ കവിത സംവിധായികക്ക് നല്‍കി. ആ കവിത ഏതെങ്കിലും രീതിയില്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സിനിമ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
രാമനാഥന്‍ പാടുമ്പോള്‍ എന്ന കവിത എഴുതിയ കവി എന്നാണ് സച്ചിദാനന്ദനെ രാമകൃഷ്ണയ്യര്‍ അറിഞ്ഞത്. സംഗീതത്തില്‍ നിന്ന് കവിതയിലേക്കുള്ള സഞ്ചാരം. അത് തീവ്രമായ അനുഭവമായിരുന്നു. അതു പോലെ തന്നെ അദ്ദേഹം അഡോണോയെ കുറിച്ചും പറയുമായിരുന്നു. അഡോണോയില്‍ അദ്ദേഹം ദര്‍ശിച്ച മഹത്വം സംഗീതത്തെ കുറിച്ച് ചിന്തിക്കുകയും എഴുതുകയും ചെയ്ത ഒരു മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ എന്നായിരുന്നു. രാമകൃഷ്ണയ്യരുടെ എല്ലാ യാത്രകളും സംഗീതത്തില്‍ നിന്ന് ആരംഭിച്ചു.
അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് രാമനാഥന്റെ പാട്ടുകള്‍ കേള്‍ക്കുന്നവരോട് അദ്ദേഹം ഒരു കാര്യം അഭ്യര്‍ത്ഥിക്കുമായിരുന്നു. രാമനാഥന്റെ വിധവക്ക് എന്തെങ്കിലും ഒരു ചെറിയ തുക നിങ്ങള്‍ അയച്ചു കൊടുത്താല്‍ നന്നായി. നിങ്ങളുടെ മനസ്സുകൊണ്ടുള്ള ഒരു റോയല്‍റ്റി. രാമനാഥന്‍ സമ്പന്നനായി മരിച്ചു പോയ ഒരാളല്ല എന്ന് രാമനാഥന്റെ മഞ്ഞപ്രയിലെ വീട്ടില്‍ പല തവണ പോയ അദ്ദേഹത്തിന് അറിയാമായിരുന്നു. രാമനാഥന്‍ സംഗീതം കൊണ്ട് ഒന്നും സമ്പാദിച്ച ആളുമായിരുന്നില്ല.
‘ ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജില്‍ ഒരു കച്ചേരി നടത്താന്‍ വേണ്ടി ക്ഷണിക്കാന്‍ പോയതിനെക്കുറിച്ച് രാഘവേന്ദ്ര വിവരിക്കുന്നുണ്ട് (‘ദ് മാജിക് ഓഫ് മ്യൂസിക്’ ബിസിനസ് ലൈന്‍, സെപ്തംബര്‍ 15, 2003). ”രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ വഴി തെറ്റിയതോ (തന്നെ കച്ചേരിക്ക് വിളിക്കുകയോ) എന്ന ഭാവത്തില്‍ എംഡിആര്‍ ആദ്യം അത്ഭുതപ്പെടുകയാണുണ്ടായത്. ദീര്‍ഘമായ സരസ സംഭാഷണത്തിനു ശേഷം കച്ചേരിക്കു പ്രതിഫലം എത്രയെന്ന് ചോദിച്ചപ്പോള്‍ ആര്‍ട്ടിസ്റ്റുകളല്ലേ… പണമുണ്ടാകില്ലല്ലോ… എന്നു പറഞ്ഞു വിഷമിച്ചു. പിന്നെ ചിരിച്ചുകൊണ്ട്, ഒരു ഗ്രാമമാണെന്നല്ലേ പറഞ്ഞത്. അവിടെ പശുക്കളൊക്കെ ഉണ്ടായിരിക്കും, ഇല്ലേ? എന്നാല്‍, ഒരു കാര്യം ചെയ്യൂ. പാടുമ്പോള്‍ എന്റെ അരികില്‍ ഒരു ജഗ് ചുടുപാലും ഹോര്‍ലിക്‌സും കുറച്ച് കല്‍ക്കണ്ടവും വച്ചേക്കൂ.’ അപ്പോള്‍ മകന്‍ ഐസ്‌ക്രീം വേണം എന്നു പറഞ്ഞു. ‘എങ്കില്‍ അവന്റെ മുഖം തുടയ്ക്കാന്‍ ഒരു തോര്‍ത്തും കരുതിക്കോളു.’ കഴിഞ്ഞു പ്രതിഫലം.” ( ദേശാഭിമാനി Sunday Jun 17, 2018 ലെ ലേഖനം ).
മനുഷ്യരുടെ യാത്രകള്‍ വിചിത്രമാണ്. സംഗീതത്തില്‍ നിന്ന് കവിതയിലേക്ക് പോകാം. കവിതയില്‍ നിന്ന് സംഗീതത്തിലേക്കും പോകാം. അത്തരം സഞ്ചാര സാദ്ധ്യതകളാണ് മനുഷ്യരുടെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യങ്ങള്‍. സംഗീതത്തെ കുറിച്ച് അന്നുമിന്നും ശാസ്ത്രീയമായ ഒരറിവും ഇല്ലാത്ത ഒരു പാമരനാണ് ഞാന്‍. എന്നിട്ടും ആ യാത്രകളൊക്കെ എന്നെ ആഹ്ലാദിപ്പിക്കുന്നു. വാക്കായും നോക്കായും ഇരിപ്പായും നടപ്പായും വേഗമായും ഉയരമായും ആഴമായും ഇരുളായും വെളിച്ചമായും നിറയുന്ന പ്രപഞ്ച ചൈതന്യങ്ങള്‍. എല്ലാ സൃഷ്ടിപരതയിലും സര്‍ഗ്ഗാത്മകമായ വിടുതലുകളുണ്ട് . രാമനാഥന്‍ പറഞ്ഞതു പോലെ വേറൊന്നും വേണ്ട. ഒരു പശു ഉണ്ടല്ലോ, മകന്റെ മുഖം തുടക്കാന്‍ ഒരു തോര്‍ത്തു കൂടി മതി. ധാരാളം.