നമ്മുടേത് അപര്യാപ്ത ജനാധിപത്യം, രാമചന്ദ്ര ഗുഹ നിരീക്ഷിച്ചത് പോലെ 40 % ജനാധിപത്യം, ഒരു തെരഞ്ഞെടുപ്പ് മാത്ര ജനാധിപത്യം

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

നമ്മുടെ ഭരണഘടനയെ ആസ്പദമാക്കി ഒരു അമേരിക്കന്‍ രാഷ്ട്രീയ ഗവേഷകന്‍ (പേര് ഓര്‍മ്മയില്ല) പണ്ട് ഏതാണ്ട് ഇപ്രകാരം പറഞ്ഞു: Fundamental rights enshrined in the Indian Constitution were written against the backdrop of numeroust raditional Indian fundamental wrongs. ശരിയാണ്. നമ്മുടെ ഭരണഘടന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ബിലാത്തിയില്‍ പോയി പഠിച്ചു വന്ന ദേശസ്‌നേഹികളായചില സുമനസ്സുകളുടെ ആശാചിന്ത മാത്രമാണ്. ഭരണഘടന എഴുതിയകാലത്തെ അനാചാരങ്ങള്‍ ജാതിയടക്കം മിക്കതും ഇപ്പോഴും ഏതാണ്ട് അതേപടി തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ആകട്ടെ, ധാര്‍മ്മികമായി അക്കാലവുമായി ഒരു താരതമ്യം പോലും സാധിക്കാത്ത വിധത്തില്‍ അന്നത്തേക്കാളും വളരെ അധ:പതിച്ചിരിക്കുന്നു.

ഏതാണ്ട് ഇതേ ഉല്‍ക്കണ്ഠയോടെ 50 കളില്‍ അംബേദ്കറും പറഞ്ഞു : ‘എത്ര മഹത്തായ മൗലികാവകാശങ്ങളും ഭരണഘടനയില്‍ എഴുതിവച്ചിട്ടൊന്നും കാര്യമില്ല. സാമൂഹ്യ മനസ്സാക്ഷി മാറാത്തിടത്തോളം കാലം ഒരു ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ഈ രാജ്യത്തെ രക്ഷിക്കാന്‍ ആവില്ല.’

നമ്മുടെ സാമൂഹ്യമനസ്സാക്ഷി സ്വാതന്ത്ര്യം കിട്ടിയ നാളുകളില്‍ നിന്ന് വളരെയൊന്നും മാറിയിട്ടില്ല. കേവല സാക്ഷരത ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട് എങ്കിലും പൗരബോധ പൗരാവകാശബോധ സാക്ഷരത ഇനിയും വര്‍ദ്ധിച്ചിട്ടില്ല.മതനേതൃത്വങ്ങളുടെയും ജാതി നേതൃത്വങ്ങളുടെയും പ്രാഭവം സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും കൂടിയിട്ടേയുള്ളൂ.വമ്പന്‍ സാമ്പത്തിക ശക്തികളും ക്രിമിനല്‍ ശക്തികളും അന്‍പതുകളില്‍ പാര്‍ട്ടികളുടെ ഗ്രീന്‍ റൂമുകളില്‍ ഗോപ്യമായാണ് പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ ഇന്നവര്‍ ഒരു സങ്കോചവും ഇല്ലാതെ സ്വന്തം നിലയില്‍ തന്നെ വിവിധ പാര്‍ട്ടികളിലൂടെ തെരഞ്ഞെടുപ്പ് രംഗത്തിലെത്തി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഒക്കെയാകുന്നു.

ചുരുക്കത്തില്‍ ഇന്നും നമ്മളുടെ ജനാധിപത്യം ഒരു അപര്യാപ്തജനാധിപത്യം മാത്രമാണ്. രാമചന്ദ്ര ഗുഹ പറയുന്നതുപോലെ ഒരു 40% ജനാധിപത്യം. ഒരു തിരഞ്ഞെടുപ്പു മാത്രജനാധിപത്യം. അതുകൊണ്ട് ഇത്തരം ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പുകള്‍ക്ക് അമിതപ്രാധാന്യം ഒന്നും നല്‍കേണ്ടതില്ല. ജനങ്ങള്‍ പൗരാവകാശ ബോധം ഉള്ളവരും പൗരന്റെ ചുമതലകളെ കുറിച്ച് ബോധം ഉള്ളവരും ആകുന്നതുവരെ ഇതൊക്കെ ഇങ്ങനെ തന്നെ തുടരും.

ബിജെപി ഒരു ഫാസിസ്റ്റ് കക്ഷി തന്നെ. എനിക്കൊട്ടും സംശയമില്ല. അപ്പോള്‍ ഹിന്ദുത്വഫാസിസ്റ്റ് വിരുദ്ധ സംഘങ്ങളുടെ നടുനായകമായ പിണറായി വിജയനോ? അദ്ദേഹം ധാര്‍മ്മികസാക്ഷരത തീര്‍ത്തും ഇല്ലാത്ത മറ്റൊരു ഫാസിസ്റ്റ് ആണ് എന്ന് അനുഭവങ്ങളില്‍ നിന്ന് നമുക്കറിയാം.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണകക്ഷികളെ സ്വയമേവ ഫാസിസ്റ്റ് ആക്കുന്നത് ഏതൊക്കെയോ മൂഢതരംഗത്തില്‍ മണ്ടന്‍ ജനത അവര്‍ക്ക് നല്‍കുന്ന മൃഗീയ ഭൂരിപക്ഷങ്ങളാണ്. ഈ മൃഗീയ ഭൂരിപക്ഷങ്ങള്‍ അവരെയും അണികളെയും ഫാസിസ്റ്റുകളും ഹിംസാലുക്കളും താന്തോന്നികളും ആക്കുന്നു.അപ്പോള്‍ നമുക്ക് ആശിക്കാവുന്നതിന്റെ പരമാവധി തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കക്ഷിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കരുത് എന്നാണ്. കേവലഭൂരിപക്ഷം പോലും ലഭിക്കാതെ തട്ടിക്കൂട്ട് മന്ത്രിസഭ ആയാല്‍ അത്യുത്തമം.

അത്തരം സാഹചര്യത്തിലും മോഷണാധിപതികള്‍ (kleptocrats ) ആയ അവര്‍ അഴിമതിയുടെ തോത് ഒന്നും കുറയ്ക്കുകയില്ല.എങ്കിലും, കേന്ദ്രത്തില്‍ ആയാലും സംസ്ഥാനങ്ങളിലായാലും ഭരണഘടനയുടെ സത്ത തന്നെ മാറ്റിമറിക്കുന്ന വിധത്തില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ഒരു പക്ഷെ ഒരുമ്പെടില്ല. വലിയ ഭൂരിപക്ഷം ഇല്ലെങ്കില്‍ ഒരല്പം ഭയത്തോടെ മാത്രമേ അവര്‍ ഭരിക്കൂ. ഈ മാനദണ്ഡം വച്ച് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തെ അപഗ്രഥിച്ചാല്‍ ജയിച്ചവര്‍ക്ക് കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും മൃഗീയ ഭൂരിപക്ഷം ഇല്ല. അത്രയ്ക്കും നല്ലത്.

നിലവിലുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അഭിലഷണീയമായ രണ്ടാമത്തെ കാര്യം ഒരു കക്ഷിക്കും ഒരിക്കലും തുടര്‍ഭരണം ലഭിക്കരുത് എന്നതാണ്. പലയിടത്തും,പൊതുവേ കക്കലും ഭരണഘടനാസ്ഥാപനങ്ങളുടെ തകര്‍ക്കലും അല്ലാതെ സാമൂഹ്യ മാറ്റങ്ങള്‍ ഒന്നും ഇപ്പോഴിപ്പോള്‍ ഉണ്ടാവാറില്ല. അഥവാ, എന്തെങ്കിലും നല്ല സാമൂഹ്യമാറ്റം കൊണ്ടുവരാന്‍ അഞ്ചുകൊല്ലമൊക്കെ ധാരാളമാണ്. തുടര്‍ഭരണം ലഭിക്കുന്നത് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും പാര്‍ട്ടികളില്‍ അഴിമതിക്കും ദുര്‍ഭരണത്തിനും ഉള്ള ആത്മവിശ്വാസം വളര്‍ത്തുന്നു.

ഈ മാനദണ്ഡം വച്ച് നോക്കുമ്പോള്‍ ജനങ്ങള്‍ രാജസ്ഥാനിലും തെലുങ്കാനയിലും ഛത്തീസ്ഗഡിലും ശരിയായി തന്നെ വോട്ട് ചെയ്തു. ഇപ്പോള്‍ ഭരിക്കുന്ന കക്ഷികള്‍ക്ക് തുടര്‍ഭരണം വേണ്ടെന്ന് നിശ്ചയിച്ചു.മധ്യപ്രദേശില്‍ തെറ്റായാണ് അവര്‍ വിധിയെഴുതിയത്. അവിടെ ജനങ്ങള്‍ ബിജെപിയെ ചെവിക്ക് പിടിച്ച് താഴെയിറക്കേണ്ടതായിരുന്നു.