കുഞ്ഞാമന്‍ മാഷ് ജീവിതത്തില്‍ നിന്നും ഇറങ്ങി നടന്നിരിക്കുന്നു

Articles

സ്മരണ / ഡോ: ആസാദ്

നി നമുക്ക് ആദരവുകൊണ്ട് മൂടാം. പുഷ്പചക്രം വെക്കാം. സഹനങ്ങളെ വാഴ്ത്താം. അലങ്കാരഭാഷയില്‍ വാനോളം ഉയര്‍ത്താം.

കുഞ്ഞാമന് പറമ്പില്‍ കുഴിമാന്തി ഇലവെച്ചു കഞ്ഞി കൊടുത്തത്, പട്ടിയോടൊപ്പം അത് കുടിപ്പിച്ചത്, പാണനെന്ന് ആക്ഷേപിച്ചത്, യോഗ്യത വേണ്ടയിടങ്ങളിലെല്ലാം അതുണ്ടായിട്ടും അകറ്റി നിര്‍ത്തിയത് ഈ കേരളമാണ്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ശേഷമുള്ള നവോത്ഥാനകേരളം.

കേരള സര്‍വ്വകലാശാലാ അദ്ധ്യാപക ഇന്റര്‍വ്യുവില്‍ ഒന്നാം റാങ്കോടെ മുന്നില്‍ വന്നപ്പോള്‍ ജനറല്‍സീറ്റ് ദളിതന് കൊടുക്കില്ലെന്നായിരുന്നു വാശി. ദളിതന് സംവരണസീറ്റിലേ നിയമനം നല്‍കൂ എന്ന വരേണ്യവാശി. പൊരുതി നിന്നപ്പോള്‍ ഒരു സൂപ്പര്‍ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചു വേറെയിരുത്തി സവര്‍ണകേരളം.

പ്രൊഫസര്‍പോസ്റ്റിലേക്കുള്ള കയറ്റവും ഇങ്ങനെത്തന്നെ. തടസ്സങ്ങളും വേര്‍തിരിവുകളും അകറ്റിനിര്‍ത്തലുകളും നിറഞ്ഞ ജീവിതം. ആരെയും ബഹുമാനിക്കാതെ, ആരുടെയും ബഹുമാനം വേണ്ടാതെ, ആര്‍ക്കും വിധേയപ്പെടാതെ, ആരെയും വിധേയപ്പെടുത്താതെ ആത്മാഭിമാനത്തിന്റെ പിടഞ്ഞു പിടഞ്ഞുള്ള അതിജീവനമാണ് കുഞ്ഞാമന്‍.

കേരളത്തില്‍ ഇന്നോളമുണ്ടായ സാമ്പത്തികവിദഗ്ദ്ധരെക്കാള്‍ തലപ്പൊക്കമുണ്ട് കുഞ്ഞാമന്. നടന്നു കയറിയ പടവുകളെക്കുറിച്ച്, ഓരോ പടവിലും നടത്തേണ്ടിവന്ന സമരങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ട് അദ്ദേഹത്തിന്. തന്റെ അദ്ധ്യാപകനായ കെ എന്‍ രാജിനോട് കുഞ്ഞാമന്‍ ഉയര്‍ന്ന ശിരസ്സോടെത്തന്നെ അതു പറഞ്ഞിട്ടുണ്ട്.

കേരളം ആ തലപ്പൊക്കം അംഗീകരിച്ചുകൊടുത്തില്ല. ആസൂത്രണ ബോര്‍ഡിലേക്കോ, അക്കാദമിക നേതൃ സ്ഥാനങ്ങളിലേക്കോ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടില്ല. സവര്‍ണ പടിപ്പുരയില്‍ എപ്പോഴും തടഞ്ഞു നിര്‍ത്തപ്പെട്ടു കുഞ്ഞാമന്‍മാഷ്. കേന്ദ്രം യുജിസി സമിതിയിലേക്കു ക്ഷണിക്കാന്‍ കാണിച്ച മനസ്സൊന്നും കേരളം കണ്ടില്ല.

സാമ്പത്തികസമത്വവും സ്വാതന്ത്ര്യവും കിട്ടാതെ സാമൂഹികനീതിയോ ജനാധിപത്യ തുല്യതയോ ലഭിക്കില്ലെന്ന് മാഷ് പറഞ്ഞുകൊണ്ടിരുന്നു. ശനിയാഴ്ച്ച എഴുതിയ അവസാനത്തെ കുറിപ്പിലും സാമ്പത്തികസമത്വത്തെ പറ്റി എഴുതി. ലിംഗസമത്വവും സാമ്പത്തികസമത്വവും ഒരുമിച്ചു കൈകോര്‍ത്താണ് വരിക. സ്റ്റാറ്റസ്‌കോവാദികളായ രാഷ്ട്രീയ കക്ഷികള്‍ അത് അംഗീകരിച്ചു തരില്ല. അവര്‍ എതിര്‍പ്പുകളെയും വിയോജിപ്പുകളെയും നിശ്ശബ്ദമാക്കാന്‍ ബലപ്രയോഗം നടത്തും. മാഷ് അനുഭവത്തിന്റെ പരിക്കുകളോടെ വാസ്തവത്തിന്റെ വാക്കുകളെഴുതി.

മുപ്പത്തിമൂന്നു കൊല്ലംമുമ്പ് കാര്യവട്ടം ക്യാമ്പസില്‍ വെച്ചാണ് മാഷെ പരിചയപ്പെട്ടത്. വ്യത്യസ്തനായ ഒരു ധിഷണാശാലിയെ അറിയലായിരുന്നു അത്. ശനിയാഴ്ച്ച വൈകീട്ടും മാഷെഴുതിയ കുറിപ്പ് എനിക്കു വാട്‌സപ്പില്‍ അയച്ചിരുന്നു. എന്നിലെ ഏതോ സമരവീറിന്റെ കണികയാണ് അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന താല്‍പ്പര്യത്തിന് കാരണമെന്ന് തോന്നുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഫാഡോ നടത്തിയ സമരം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹമെത്തി.

നവോത്ഥാന മൂല്യങ്ങളില്‍നിന്നും ജനാധിപത്യ വഴക്കങ്ങളില്‍നിന്നും അതിവേഗം തിരിച്ചൊഴുകുന്ന കേരളത്തെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചുപോന്ന ഒരണക്കെട്ടാണ് ഭൂമിയിലേക്ക് താഴ്ന്നുപോകുന്നത്.

കുഞ്ഞാമന്‍മാഷെക്കുറിച്ച് ഇനി ആസ്ഥാന പണ്ഡിതന്മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വിലപിക്കാം. അനുസ്മരണ സമ്മേളനം ചേരാം. അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താം. ഒരു ദീര്‍ഘമായ സമരത്തെ, അതു വിളയിച്ച കതിര്‍പ്പൊക്കത്തെ അവഗണിച്ചവര്‍ക്ക് ഒത്തുകൂടാം. അതാണല്ലോ സവര്‍ണാധികാരത്തിന്റെ അനുകമ്പാശീലം.

കുഞ്ഞാമന്‍മാഷേ വിട. അന്ത്യാഭിവാദനം.