കുടുംബശ്രീ ചലനം പദ്ധതി: ജില്ലാ ക്യാമ്പിന് തുടക്കമായി

Wayanad

കല്പറ്റ: കുടുംബശ്രീ നഗര സി ഡി എസ്സുകളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കി മാറ്റുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ചലനം പദ്ധതി ജില്ലാ ക്യാമ്പിന് തുടക്കമായി. ഡിസംബര്‍ 4 മുതല്‍ 7 വരെ കൊളഗപ്പാറ സണ്‍ബേര്‍ഡ് ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ നടക്കുന്ന മെന്ററിംഗ് ക്യാമ്പ് സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ പരസ്പര ബന്ധത്തോടെയുള്ള വളര്‍ച്ചയ്ക്ക് കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും തിരിച്ചറിവും പ്രതികരണശേഷിയും നേടിയെടുത്ത് , സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞതാണ് കുടുംബശ്രീയുടെ 25 വര്‍ഷം കൊണ്ട് മികവുറ്റ നേട്ടമായത് എന്ന് ബഹുമാനപ്പെട്ട എംഎല്‍എ അഭിപ്രായപ്പെട്ടു.

വയനാട് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി കെ സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന മിഷന്‍ മാനേജര്‍ ബീന, എഡിഎംസിമാരായ റെജീന വി കെ, സെലീന കെ എം, ട്രെയിനിങ് ടീം കോഡിനേറ്റര്‍ ജയന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനതല ചലനം പരിശീലനത്തിന്റെ തുടര്‍ച്ചയായാണ് ജില്ലയിലെ നഗര സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാര്‍ക്കും ഉപസമിതി കണ്‍വീനര്‍മാര്‍ക്കും നാല് ദിവസത്തെ മെന്ററിങ് ക്യാമ്പ് നടത്തുന്നത്. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതും, വിടവുകളെ മനസ്സിലാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും തുടര്‍ന്ന്, കുടുംബശ്രീയിലൂടെ ലഭ്യമാകുന്ന മുഴുവന്‍ പദ്ധതികളെക്കുറിച്ച് ബൂട്ട് ക്യാമ്പില്‍ അവബോധം നല്‍കുന്നു. ഇതോടുകൂടി മൂന്നുമാസം കൊണ്ട് പ്രാവര്‍ത്തികമാക്കുന്ന പദ്ധതികള്‍ തയ്യാറാക്കി മൊത്തം സിഡിഎസ് ടീമിനെ ചലിപ്പിക്കാന്‍ പാകത്തില്‍ നഗര സിഡിഎസ്‌കളെ തയ്യാറാക്കി എടുക്കുന്നു. നഗര സിഡിസുകളെ ഇത്തരത്തില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കി മാറ്റി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു. സംസ്ഥാന മിഷന്‍ , ജില്ലാ മിഷന്‍, സിറ്റി മിഷന്‍ ടീമിനൊടോപ്പം കുടുംബശ്രീയുടെ മികവുറ്റ പരിശീലന ടീം ആണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.