സുസ്ഥിര സ്ത്രീമുന്നേറ്റം; സമൂഹ സംഗമ വേദിയായി കുടുംബശ്രീ ജെന്‍ഡര്‍ഫെസ്റ്റ്

Wayanad

കല്പറ്റ: സുസ്ഥിര സ്ത്രീ സമൂഹത്തിന്റെ സമകാലിക സുരക്ഷിത മൂല്യങ്ങള്‍ പങ്കുവെച്ച് കുടുംബശ്രീ ജെന്‍ഡര്‍ ഫെസ്റ്റ് ശ്രദ്ധേയമായി. കല്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേളി കുടുംബശ്രീ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ജെന്‍ഡര്‍ ഫെസ്റ്റാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പ്രതിനിധികളുടെയും സംഗമവേദിയായത്. സാമ്പത്തിക അടിത്തറയും സ്വയം പര്യാപ്തതയുമാണ് ആരോഗ്യപരമായ സമൂഹത്തിന്റെ അടിസ്ഥാനം. ഇതിനായുള്ള വിദ്യാഭ്യാസവും അറിവും ആര്‍ജ്ജിക്കുന്നതി ലൂടെ സ്ത്രീ സമൂഹം ഇന്ന് വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. നേട്ടങ്ങളുടെ അഭിമാനബോധത്തോടയുള്ള ഇടപെടലുകള്‍ സ്ത്രീകള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.

വീടുകളില്‍ നിന്നും സമൂഹത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഉയര്‍ന്ന സ്ത്രീ പക്ഷ മൂല്യബോധങ്ങള്‍ വളരുന്ന സമൂഹത്തിന്റെയും അടയാളങ്ങളാണെന്ന് ജെന്‍ഡര്‍ഫെസ്റ്റ് അടിവരയിട്ടു. കുടുംബശ്രീ ഇന്ന് നാടിന്റെ വഴിവിളക്കാണ്. കുടുംബത്തിന്റെ സ്വയം പര്യാപ്തത മുതല്‍ നാടിന്റെ വികസന പങ്കാളിത്തത്തില്‍ വരെയും കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. ഡിജിറ്റല്‍ കാലിത്തിനൊപ്പം വളരാന്‍ സ്ത്രീസമൂഹവും മുന്നിട്ടറങ്ങണമെന്ന് ജെന്‍ഡര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത വനിതാ വികസന കേര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിര ഭദ്രത എന്നതെല്ലാം ഏതൊരാള്‍ക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള ഉപാധികളാണ്. ഇവ ആര്‍ജ്ജിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും കെ.സി.റോസക്കുട്ടി പറഞ്ഞു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രേണുക അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് സി.ഉബൈദുള്ള വനിതാ ദിന ക്യാമ്പെയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഹോമിയോപ്പതി സംയോജിത പദ്ധതി ഗിവര്‍ഗ്ഗീസ് മാര്‍ സ്‌തോഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളെ റാഷിദ് ഗസ്സാലി ആദരിച്ചു. സ്‌നേഹിത ക്യാമ്പെയിന്‍ ബ്രഹ്മകുമാരീസ് സിസ്റ്റര്‍ ഷീല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സതീഷ്, ഓമന രമേഷ്, ഷീല പുഞ്ചവയല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്മണ്യന്‍, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീലേഖ, ഡി.വൈ.എസ്.പി അബ്ദുള്‍ ഷെറീഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ്.ഷാജി, ജില്ലാ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ മൂസ്സ വടക്കേതില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജെന്‍ഡര്‍ സമകാലികം ടോക് ഷോയില്‍ ട്രാന്‍സ് ജന്‍ഡറും സ്ത്രീപക്ഷവും എന്ന വിഷയത്തില്‍ അഞ്ജന ജോര്‍ജ്ജും, നിയമവും ജന്‍ഡര്‍ പക്ഷവും എന്ന വിഷയത്തില്‍ അഡ്വ മരിയയും, വിദ്യാഭ്യാസവും ജന്‍ഡറും എന്ന വിഷയത്തില്‍ കെ.ജ്യോത്സനയും , പരിസ്ഥിതിയും ജെന്‍ഡറും എന്ന വിഷയത്തില്‍ ടി.ആര്‍.സമുയും, മാധ്യമവും ജെന്‍ഡറും എന്ന വിഷയത്തില്‍ ശിവാറാമും ക്ലാസെടുത്തു. ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍ മോഡറേറ്ററായിരുന്നു. തുടര്‍ന്ന് വൈകീട്ട് കേള ഫെസ്റ്റ് വേദിയില്‍ കോമഡി ഉത്സവം ഫെയിം രാജേഷ് കാന്തും, ടി.ജി.ഫോറം വയനാട് യുഗ്മ ഫ്യൂഷന്‍ ഡാന്‍സും, തിടമ്പ് നാടന്‍ പാട്ടും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *