കൊച്ചി: ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സഹായത്തോടെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി. കറുകപ്പള്ളിയിലെ ലോഡ്ജ് മുറിയിലാണ് 45 ദിവസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ സുഹൃത്തിനാല്‍ കൊലചെയ്യപ്പെട്ടത്.
ചേര്‍ത്തല എരമല്ലൂര്‍ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവരുടെ സുഹൃത്തായ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഷാനിഫ് കൊലപ്പെടുത്തിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ ഷാനിഫ് നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ കടിച്ചുനോക്കിയെന്നും ഇയാള്‍ പറയുന്നു. അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്.
ഷാനിഫും അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.