പറഞ്ഞാല്‍ തീരാത്ത പെരുമയുമായി നാദാപുരം പള്ളിയും ഖബര്‍സ്ഥാനും

Opinions

ജി പി ചാലപ്പുറം

നാദാപുരം പള്ളിക്ക് മാത്രമല്ല ചരിത്രം പറയാനുള്ളത്. അതിന്റെ ഖബര്‍സ്ഥാനും പറയാന്‍ എഴുതിയാല്‍ തീരാത്ത ചരിത്രങ്ങളാണ്. അവനവന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു തൂവല്‍സ്പര്‍ശമാവാന്‍ ദൂരദേശങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്ന ദിവസം കൂടിയാണ് നോമ്പിരുപത്തേഴ്.

മതപഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും നാദാപുരത്തെത്തി ജീവിതം പൊലിഞ്ഞ് പോയവരുടെ ബന്ധുക്കള്‍ മുതല്‍ ഗള്‍ഫിലും മററും പോയി സാമ്പത്തികമായി പുരോഗതി നേടിയപ്പോള്‍ ഇന്നലകളുടെ ദാരിദ്ര്യത്തിന്റെ മുഖം മറച്ച് പിടിക്കാന്‍ പല വഴിക്കേക്കും ചേക്കേറിയവര്‍, ഉപജീവനത്തിന് വന്ന് ഈ പ്രദേശത്ത് നിന്നും കല്യാണം കഴിച്ച വരുടെ പിന്‍ഗാമികളും ഇല്ലായ്മകളുടെ പേരില്‍ ദൂരദേശങ്ങളില്‍ വിവാഹം കഴിച്ചയക്കപ്പെട്ട സ്ത്രീകളുടെ തലമുറകളും നാട്ട്കാരും കൂടിച്ചേരുമ്പോള്‍ ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേര്‍ക്കുന്ന ദിനമാണ് പള്ളിയുടെ ഖബര്‍സ്ഥാന്‍.

വേദഗ്രന്ഥ പാരായണങ്ങളും സലാം പറച്ചിലിന്റെ ശബ്ദസൗന്ദര്യവും, പുഞ്ചിരികളുടെ കുളിര്‍മഴയുമായി പാതിരാവരെ ഒരുപൂരപറമ്പിന്റെ തിരക്കുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. പള്ളിദര്‍സിലേയും സമീപ പ്രദേശങ്ങളിലേയും മുസ്ലിയാക്കന്മാര്‍ക്ക് ഖുര്‍ആന്‍ ഓതി കെട്ടിവെച്ച ഉറുക്കുകള്‍ വിറ്റഴിയുന്ന ഒരു കമ്പോളം കൂടിയായി മാറും ആ ദിവസം ഈ ഖബര്‍സ്ഥാന്‍. രണ്ട് നൂററാണ്ടിനടുത്ത് പഴക്കമുള്ളതാണ് ഈ ആരാധനാലയം. യഅക്കൂബ് മുസ്ലിയാരുടെ നേതൃത്തത്തിലാണ് പണിതത്. പള്ളി അങ്കണത്തിലേക്ക് ദുഃഖസ്മൃതികളും നിറഞ്ഞ പോക്കറ്റുകളുമായി വരുന്നവര്‍ പ്രൗഢ ഗാംഭീര്യമുള്ള പള്ളിയും, പഴമയുടെ പ്രതാപങ്ങള്‍ ഓമ്മിപ്പിച്ച്‌കൊണ്ട് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരിങ്കല്‍ തൂണും പാറക്കല്ലുകള്‍ കൊണ്ട് പണിത ഹൗളും വിശാലമായ കുളവും പള്ളി പണിത കാലത്ത് പൂശിയിട്ടും ഇത് വരെ കളര്‍ മങ്ങാതെ കിടക്കുന്ന ശില്പഭംഗിയുള്ള മിമ്പറും കണ്ട്, മനസ്സ് നിറയെ ആത്മനിര്‍വൃതിയടഞ്ഞ്ഒഴിഞ്ഞ പോക്കറ്റുമായി തിരിച്ച് നടക്കുമ്പോള്‍ ഒട്ടേറെ ഇല്ലായക്കാരുടെ മനസ്സില്‍ പുത്തനുടുപ്പിട്ട പെരുന്നാളിന്റെ പൂത്തിരി കത്തിപ്പടരുകയും സ്‌നേഹത്തിന്റെ അത്തര്‍ കുപ്പികള്‍ നിറയുകയും ചെയ്യും.