കുഞ്ഞാമന്‍ സാറിനെപ്പോലെ കുഞ്ഞാമന്‍ സാര്‍ മാത്രം, എല്ലാ കാലത്തും

Articles

ഓര്‍മ്മ / ജോസ് സെബാസ്റ്റ്യന്‍

കുഞ്ഞാമന്‍ സാര്‍ എന്ന പ്രൊഫസര്‍ കുഞ്ഞാമന്‍ ‘ഞാന്‍ ഈ ലോകത്തോട് ‘ വിടപറയുന്നു ‘ എന്ന് എഴുതിവെച്ചു വിടപറഞ്ഞു. ഇന്നലെയായിരുന്നു സംസ്‌കാരം. അദ്ദേഹത്തിന്റെ ശിരസ്സിനരികില്‍ കുറേനേരം നിന്നു. അദ്ദേഹത്തെയാദ്യം പരിചയപ്പെടുന്നത് 1996 ലാണ്. അന്ന് മുതലുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. മൃതശരീരത്തിന് അടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രോഹിണിച്ചേച്ചി (ഡോ. രോഹിണി )ഉണ്ടാക്കിയ ഭക്ഷണം എത്രയോ തവണ കഴിച്ചിരിക്കുന്നു.

ഞാന്‍ പരിചപ്പെടുമ്പോള്‍ സാര്‍ Cetnre for development Studies ല്‍ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ K. N രാജിനൊപ്പം Ph. D ഗവേഷണത്തില്‍ ആണ്. പ്രൊഫസര്‍ രാജുമായിട്ടുള്ള അക്കാദമിക് ഇടപഴകിലിനെക്കുറിച്ച് വളരെ ആവേശത്തോടെയാണ് അക്കാലത്തു അദ്ദേഹം സംസാരിക്കാറുള്ളത്.

കുഞ്ഞാമൻ

പ്രൊഫസര്‍ രാജിന് അദ്ദേഹത്തോട് വലിയ മതിപ്പായിരുന്നു. അക്കാദമിക കാര്യങ്ങളില്‍ ഉയര്‍ന്ന നിലവാരം അദ്ദേഹം പ്രതീക്ഷിച്ചു.വിരലില്‍ എണ്ണാവുന്നയത്രയും പേരെ അദ്ദേഹത്തിന്റെ കീഴില്‍ Ph. D നേടിയിട്ടുള്ളു. അവരൊക്കെതന്നെ ലോകബാങ്ക്, international Monitary Fund തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരാണ്. കുഞ്ഞാമന്‍ സാറിന്റെ ബൗധിക നിലവാരത്തേക്കാള്‍ ഏറെ ദളിതനായ ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരണം എന്ന ആഗ്രഹം ആയിരിക്കണം പ്രൊഫസര്‍ രാജ് കുഞ്ഞാമന്‍ സാറിനെ ഗവേഷണ വിദ്യാര്‍ത്ഥി ആയി എടുക്കാന്‍ കാരണം എന്ന് കരുതണം. ഞാന്‍ ഇത് പറയുന്നത് പില്‍കാലത്ത് കുഞ്ഞാമന്‍ സാറിന്റെ അക്കാഡാമിക് ആയ സംഭാവനകള്‍ കണക്കിലെടുത്താണ്. എന്തോ കാരണത്താല്‍ അവര്‍ തമ്മില്‍ പിണങ്ങി. അതിന്റെ കാരണങ്ങളെ കുറിച്ച് കുഞ്ഞാമന്‍ സാര്‍ അദ്ദേഹത്തിന്റെ ‘ എതിര് ‘ എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അക്കാലത്ത് പ്രൊഫസര്‍ രാജിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ചെറിയ ലഘുലേഖ അദ്ദേഹം ഇറക്കിയത് ഓര്‍ക്കുന്നു. പ്രധാന ആരോപണം ജാതിയുമായി ബന്ധപ്പെട്ടതായിരുന്നു. ഏറെ വിചിത്രം പ്രൊഫസര്‍ രാജ് തന്നെ ഈഴവ സമുദായത്തില്‍നിന്നുള്ള ഒരാളായിരുന്നു എന്നതാണ്.

കെ എൻ രാജ്

പക്ഷെ കുഞ്ഞാമന്‍ സാറിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതാണ് ഈ സംഭവം. തനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങളില്‍ യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും വിധേയനാകാത്ത വ്യക്തി. എന്നെപ്പോലെ ഒരു കാര്യസാധ്യക്കാരന്‍ ആയിരുന്നുവെങ്കില്‍ പ്രൊഫസര്‍ രാജിന്റെ കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കി ലോക ബാങ്ക്, ILO, IMF ഇവയില്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചേനെ.

ജീവിതത്തില്‍ ഉടനീളം ജാതീയമായ ഉച്ചനീതത്വം നേരിട്ടിട്ടുള്ളതു കൊണ്ടാവാം അദ്ദേഹം അത് ചെയ്തത്. പിന്നീട് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ എം. കെ സുകുമാരന്‍ നായരുടെ കീഴിലാണ് Ph. D പൂര്‍ത്തിയാക്കിയത്.

കേരള യൂണിവേഴ്‌സിറ്റിയില്‍ lecturer തസ്തികക്ക് അപേക്ഷിച്ച അദ്ദേഹത്തിന്റെ അനുഭവം ആണ് ഏറ്റവും ശ്രദ്ധേയം. ഇത് നമ്മുടെ സുഹൃത്ത് സുധേഷ് എം. രഘു ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്ന വിഷയം കൂടി ആണ്. Open merrit vacancy , 32 പേര് അപേക്ഷകര്‍ ആയി ഉണ്ടായിരുന്നു. സബ്‌ജെക്ട് expert പ്രൊഫസര്‍ എം. എ ഉമ്മന്‍. അദ്ദേഹം കുഞ്ഞാമന്‍ സാറിനു ഒന്നാം റാങ്ക് കൊടുത്തു. എന്റെ വന്ദ്യഗുരുഭൂതനും അന്താരാഷ്ട്ര പ്രശസ്തനായ ധനശാസ്ത്രജ്ഞനുമായ ഉമ്മന്‍ സാര്‍ 92 വയസ്സിലും അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. ഉമ്മന്‍ സാര്‍ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹത്തില്‍ ജാതിചിന്ത തൊട്ടുതീണ്ടിയിട്ടില്ല. എന്നുമാത്രമല്ല അവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്തിട്ടുള്ള ആളുമാണ്. പക്ഷെ യൂണിവേഴ്‌സിറ്റി കുഞ്ഞാമന്‍ സാറിനു നിയമനം കൊടുത്തില്ല. Open postil SC/ ST കാര്‍ക്കു അപേക്ഷിക്കാന്‍ പറ്റില്ലത്രേ. ഇത് നിയമസഭയില്‍ അടക്കം ചര്‍ച്ചയായി. അവസാനം SC/ ST ക്ക് വേണ്ടി ഒരു super numerary post ശ്രഷ്ടിച്ചാണ് കുഞ്ഞാമന്‍ സാറിനു നിയമനം നല്‍കിയത്.

ഭിന്നശേഷിക്കാരിയായ തന്റെ ഇളയമകള്‍ മരിച്ചതോടെ അദ്ദേഹം കടുത്ത വിഷാദ രോഗിയായി മാറി. മുന്‍പ് ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമാണ്.സാമ്പ്രദായിക അര്‍ത്ഥത്തില്‍ അക്കാദമിക് ഗവേഷണം അദ്ദേഹം കാര്യമായി ചെയ്തില്ല. അധ്യാപനത്തിന് പുറമെ ഒരു ചിന്തകനും സംവാദകനും ആയി അദ്ദേഹം കേരളം മുഴുവന്‍ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ വാദങ്ങളും സമീപനവും ഏറെപ്പേരെ ആകര്‍ഷിച്ചു.

എന്നെ ഏറ്റവും ആകര്‍ഷിച്ചു ഒരുകാര്യം അദ്ദേഹം എല്ലാ കാലത്തും സ്ഥാനമാനങ്ങളോട് അകന്നുനിന്നു എന്നതാണ്. UGC മെമ്പര്‍ സ്ഥാനം അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അടുത്തുനിന്നില്ല. ആദ്യകാലത്തു ഇടതുപഷക്കാരന്‍ ആയിരുന്ന അദ്ദേഹം അവരെ പിന്നീട് തള്ളിപ്പറഞ്ഞു. അല്പം compromise ചെയ്തിരുന്നു എങ്കില്‍ വൈസ് chancellor , പ്ലാനിങ് Board വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ എളുപ്പം കൈവരുമായിരുന്നു. അദ്ദേഹം ബിജെപിയില്‍ പോയിരുന്നുവെങ്കില്‍ ഇന്ന് രാഷ്ട്രപതിയുടെ കസേരയില്‍ ഇരിക്കുമായിരുന്നു.

കുഞ്ഞാമന്‍ സാറിനെപ്പോലെ കുഞ്ഞാമന്‍ സാര്‍ മാത്രം. എല്ലാ കാലത്തും. ആ ഓര്‍മ്മക്കു മുന്‍പില്‍ പ്രണാമം.