പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ അമ്മയും പങ്കാളിയും അറസ്റ്റില്‍

Crime

കൊച്ചി: പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ അമ്മയുടേയും പങ്കാളിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മ അശ്വതി (25) യും പങ്കാളി ഷാനിഫ് (25) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നടുക്കുന്ന കൊലപാതകമാണ് നടന്നതെന്നും കുഞ്ഞ് ജനിച്ചത് മുതല്‍ ഷാനിഫ് കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഷാനിഫിനേയും അശ്വതിയേയും നാളെ കോടതിയില്‍ ഹാജരാക്കും.

ഡിസംബര്‍ ഒന്നിനാണ് എളമക്കരയിലെ ലോഡ്ജില്‍ ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് മുറിയെടുത്തത്. മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് കുഞ്ഞുതല ഷാനിഫിന്റെ കാല്‍മുട്ടില്‍ ശക്തമായി ഇടിപ്പിച്ചു. തലക്ക് ക്ഷതമേറ്റാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിനെ ശരീരത്തില്‍ കടിച്ച ഷാനിഫ് കുഞ്ഞ് കരയുന്നില്ലെന്ന് കണ്ടതോടെ മരണം ഉറപ്പാക്കി. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.