തിരുവനന്തപുരം: യുവ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ വിവാഹത്തിന് സ്ത്രീധനം തടസമായതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനി വെഞ്ഞാറമ്മൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഷഹ്ന(28)യുടെ ആത്മഹത്യ കുറിപ്പിലാണ് ഈ സൂചന നല്‍കുന്ന വിവരങ്ങളുള്ളത്.
ഷഹ്നയും സുഹൃത്തുമായി നേരത്തെ ഇഷ്ടത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹത്തിന് സ്ത്രീധനം തടസമായതിന്റെ മനോവിഷമത്തിലാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വരന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ സ്ഥലവും ബി എം ഡബ്ല്യു കാറുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്.
ഷഹ്നയെ തിങ്കളാഴ്ച രാത്രിയോടെയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സഹപാഠികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായ അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ചാണ് ഷഹ്ന ജീവനൊടുക്കിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നുവെന്ന ഷഹ്നയുടെ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സുഹൃത്തുമൊത്തുള്ള ഷഹ്നയുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ വിവാഹം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് എത്തിയപ്പോള്‍, യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉണ്ടെങ്കിലും യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാനുള്ള ശേഷി ഷഹ്നയുടെ വീട്ടുകാര്‍ക്ക് ഇല്ലെന്ന് ബന്ധുക്കളും പറയുന്നു. ഇതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹ്നയെന്ന് ബന്ധുക്കള്‍ പറയുന്നു.