ഭൂതകാല തമസ്സില്‍ നിന്നും എത്തി നോക്കുന്നവര്‍

Articles

യാത്ര/ടി കെ ഇബ്രാഹിം

നീണ്ടയാത്രകളില്‍ വഴിയോരങ്ങളില്‍ നിന്നും പെറുക്കി സൂക്ഷിച്ച പല തരം കൗതുകങ്ങളുടെ വിത്തുകളുണ്ട് മന:സ്സില്‍! അബോധമായി അവ കളഞ്ഞിടത്തെല്ലാം അനുകൂല സാഹചര്യങ്ങളില്‍ മഴയും വെയിലുമേറ്റ്, മുളപൊട്ടി വളര്‍ന്നിരിക്കാം. സുഗന്ധവാഹിയായ പൂക്കളോ തരുക്കളോ മാഹാവൃക്ഷങ്ങളോ തന്നെ ആവണമെന്നില്ല.

കഥയോ കവിതയോ ശില്പമോ ചിത്രമോ, പുരാശേഖരമോ ആയി സര്‍ഗ്ഗവാസനകളുടെ വിത്തുകള്‍ പരിണമിച്ചിരിക്കാം. പാല്‍ക്കാലത്തെന്നെങ്കിലും അവ നമ്മെ അന്വേഷിച്ചു വന്നെന്നിരിക്കും. ‘നീഎന്നെ മറ മറന്നുവോ ?’എന്ന ഖസാക്കിലെ രവിയുടെ ജീവശാസ്ത്രപാഠത്തിലെ രണ്ടു ജീവബിന്ദുക്കളെന്ന പോലെ.

മഹാ നഗരത്തിലെ ആദ്യ പ്രഭാതം ഡിസംബറിന്റെ നേര്‍ത്ത മഞ്ഞും കുളിരും ചേര്‍ന്നുള്ള ശീതളാനുഭവമായി. മുമ്പുള്ള യാത്രകളില്‍ മരുഭൂമിയുടെ രൗദ്ര ഭാവങ്ങളെ ആധുനികതയുടെ മഹാ സൗഭാഗ്യങ്ങളാല്‍ മെരുക്കിയെടുത്തിരുന്നെങ്കിലും പാര്‍പ്പിടങ്ങള്‍ക്ക് വെളിയില്‍ അത്യുഷ്ണം പുറം യാത്രകളെ അനാസ്വാദ്യമാക്കിയിരുന്നു. ഇന്നു പക്ഷേ ജബലലിയിലെ ഫുര്‍ ജാനില്‍ താമസിക്കുന്ന മകള്‍ അഷിതയുടെ വീട്ടിലെ പ്രഭാതത്തിന് നേര്‍ത്ത വയനാടന്‍ പരിമളം.

അഷിത മുമ്പ് സംസ്ഥാന യുവജനോത്സവത്തില്‍ കഥാ മത്സരത്തിന് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജില്ലയില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടഅവളുടെ കഥയെ സംബന്ധിച്ച് മാതൃഭൂമിയില്‍ വാര്‍ത്ത വന്നതുമോര്‍ക്കുന്നു. തുടര്‍ന്നവള്‍ കഥകളേറെ എഴുതിയില്ലെങ്കിലും ചുറ്റുമുള്ള കലാസൗന്ദര്യങ്ങള്‍ക്കു നേരെ കണ്ണയക്കാന്‍ മറന്നില്ലെന്നത് അവളുടെ പുതിയ വീടകം കാണ്‍കെ എന്നെ ഒട്ടൊക്കെ തൃപ്തിപ്പെടുത്തി. അവള്‍ വയനാടിന്റെ ഓര്‍മ്മ പോലെ വീട്ടിന്റെ പുറകിലൊരു കുഞ്ഞുകാവും ഇരിപ്പിടവുമൊരുക്കിയിട്ടുണ്ട്. പശ്ചാത്തല സംഗീതമൊരുക്കാന്‍ വയനാട്ടിലെങ്ങുമില്ലാത്തത്ര പലതരം കാട്ടു കിളികളും.

അഷിതയും ജീവിത പങ്കാളി ഷാനവാസും ചേര്‍ന്ന് അലഞ്ഞും അന്വേഷിച്ചും , വലിയ വില കൊടുത്തും ശേഖരിച്ച കലാവസ്തുക്കളും പുരാശേഖരങ്ങളും വീട്ടിനൊരു മ്യൂസിയത്തിന്റെ ച്ഛായനല്‍കുന്നു. യാത്ര എഴുത്തുകളില്‍ ഈ കുറിപ്പുകാരന്റെ രുചിക്കനുസൃതമായി ഈ ദിവസത്തെ എഴുത്ത് വീടകത്തെ സംബന്ധിച്ചു തന്നെ യാവട്ടെയെന്നു വ്യഥാ കരുതി.

മനുഷ്യവംശത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ അടയാളങ്ങളാണ് ഒരോ കലാ സൃഷ്ടികളും. മണ്‍മറഞ്ഞു പോയവര്‍ ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് മൗനമായി സംവദിക്കുയാണ് ജീവിതശേഷിപ്പുകളിലൂടെ എവിടേയും, ഏകമായ ഭാഷയില്‍. !ഭൂഖണ്ഡങ്ങള്‍ താണ്ടി വന്ന് ആധുനിക കാലത്തും അവ നമ്മുടെ വീടകങ്ങളിലെ ചില്ലു കൂടുകളില്‍ താമസിക്കുന്നു .

കുട്ടികളോടും പേരക്കുഞ്ഞുങ്ങളോടും പ്രാക്തന കാലത്തിന്റെ വിജയങ്ങളുടെയും പരാജയങ്ങളുടെയും ജീവിതത്തിന്റെയും അതിജീവനത്തിന്റെ യും കഥകള്‍ സദാ ഉരുവിടുന്നു.! മൗനമെന്ന ആര്‍ക്കും വായിക്കാവുന്ന ഭാഷയില്‍ നിശബ്ദ ലിപികളിലെഴുതിയ ചരിത്ര പുസ്തകളാണ് മനുഷ്യനും പ്രകൃതി ശക്തികളുമടങ്ങിയ പ്രാചീന കലാ ശേഷിപ്പുകള്‍.

അവ ശയ്യോപകരണങ്ങളോ ഇരിപ്പിടങ്ങളോ ആവാം. ആയുധങ്ങളോ പണിയായുധങ്ങളോ ആവാം. കാലം ഖനീഭവിച്ച, പ്രപിതാമഹരുടെ വിരല്‍ സ്പര്‍ശം പതിഞ്ഞ അവ അമൂല്യങ്ങളാണ്. നമുക്കു ശേഷവും അവ വരും കാലത്തോട് കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. അനന്തവായി… നിതാന്ത മൗനത്തിലൂടെ.