എന്തിനാണ് കവിതകള്‍ എഴുതുന്നതെന്ന് എനിക്കറിയില്ല, അടിസ്ഥാനപരമായി ഞാനൊരു കവിയാണെന്ന് എനിക്ക് ഉറപ്പുമില്ല

Articles

ചിന്ത / എസ് ജോസഫ്

നുഷ്യര്‍ സ്വയം മനുഷ്യര്‍ എന്ന് പേരിട്ടു വിളിക്കുന്ന ജീവികളിലൊന്നാണ് ഞാനെന്നറിയാം. അതിലപ്പുറം എന്താണ് കവി ? ലോകത്ത് ഭാഷ ഉണ്ടാകുന്നതിന് മുമ്പ് കവികള്‍ ഉണ്ടായിരുന്നോ ? കലാകാരന്മാര്‍ ഉണ്ടായിരുന്നു. ചിത്രകാരന്‍മാരും വാസ്തുശില്പികളും ശില്പികളും ഉണ്ടായിരുന്നു. കവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഭാഷയ്ക്ക് എഴുത്ത് ഉണ്ടാകുന്നതിനുമുമ്പ് ഭാഷയുണ്ടായിരുന്നു. അതുകൊണ്ട് അക്കാലത്ത് കവികള്‍ ഉണ്ടായിരുന്നു. അതിനും മുമ്പ് മനുഷ്യന്‍ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും ആംഗ്യങ്ങള്‍ ഉപയോഗിച്ചും ആശയവിനിമയം നടത്തിയ കാലത്ത് കവികള്‍ ഉണ്ടായിരുന്നോ? അറിയില്ല. ( അറിയില്ല എന്നത് ഒരറിവാണല്ലോ.) മനുഷ്യ ചരിത്രം ആരംഭിച്ചിട്ട് എത്രയോ കാലമായി. കലാകാരന്മാരും കവികളും ഉണ്ടായിട്ട്, ലോകത്തിന്റെ സമയം വച്ചു നോക്കിയാല്‍ അധികം കാലമായില്ല. എങ്കില്‍ അടിസ്ഥാന പരമായി മനുഷ്യന്‍ / മനുഷ്യത്തി കവിയാണെന്ന് എങ്ങനെ പറയാന്‍ പറ്റും?അപ്പോള്‍ കവി , കലാകാരന്‍ എന്നത് പരിണാമദശയില്‍ ഉണ്ടായതും മനുഷ്യരുടെ കണ്ടുപിടുത്തവുമാണ്.

ഒരു പരിണാമ ചരിത്ര ഘട്ടത്തില്‍ നിന്ന് വളര്‍ന്നു വികസിച്ചതാണ് കവിത്വം. ഓരോരോ കഴിവുകളും അങ്ങനെ ഉണ്ടായതാവാം. ഇപ്പോഴതൊക്കെ സ്വാഭാവികമായി തോന്നുന്നു എന്നു മാത്രം. മനുഷ്യന്റെ ആരംഭം കടലില്‍ ഒരു ഏകകോശജീവിയായിട്ടാണെന്ന് പഠിക്കുന്നു. ഏകകോശ ജീവി കവിത എഴുതിയിട്ടില്ല. അവിടന്ന് ഇന്നുവരെയുള്ള ഘട്ടങ്ങള്‍ക്ക് പൊതുവായ ഒരടിസ്ഥാനം ഉണ്ടോ? ആദിമുതല്‍ ഇന്നുവരെയുള്ള ലൈംഗികതയ്ക്ക് പൊതുവായ സ്വഭാവം ഉണ്ടോ? മനുഷ്യന്റെ അടിസ്ഥാനങ്ങള്‍ക്കു തന്നെ വ്യത്യാസങ്ങള്‍ ഉണ്ടായിക്കാണുമല്ലോ. മനുഷ്യ സങ്കല്പം തന്നെ ലേറ്റസ്‌റ് ആണെന്ന് തോന്നുന്നു . കവിത ഒരു വെര്‍ബല്‍ ആര്‍ട്ടു ഫോം എന്ന നിലയില്‍ മനുഷ്യന്റെ കായികവും കലാപരവുമായ കഴിവുകളില്‍ ഒന്നായി നിലകൊളളുന്നു.

ചില കഴിവുകള്‍ നഷ്ടപ്പെടുന്നു. പുതിയവ ആര്‍ജിക്കുന്നു. ഇന്നിപ്പോള്‍ ഒരു ഒഡീസിയോ മഹാഭാരതമോ രചിക്കാനാവില്ല. അള്‍ട്ടാമീറയോ പിരമിഡോ ആവര്‍ത്തിക്കാനാവില്ല. ഒരു മംഗോളിയന്‍ ചക്രവര്‍ത്തി അഥവാ ഒരു ബ്രട്ടീഷ് സാമ്രാജ്യം ഇനി ഉണ്ടാവില്ല. ഇനി ഒരു എഴുത്തച്ഛന്റെ ആവശ്യമില്ല. പുതിയ സാമ്രാജ്യങ്ങള്‍ രൂപപ്പെടുന്നുണ്ട്.

മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്ന് വിശപ്പും ഭക്ഷണം കഴിച്ചുളള തൃപ്തിയുമാണ്. വിസര്‍ജനവും കൂടിച്ചേര്‍ന്നാല്‍ അത് ചാക്രികമാകും. ശാസോച്ച്വാസപ്രക്രിയ മറ്റൊന്നാണ്. ജനനമരണങ്ങള്‍ മറ്റൊന്നാണ്. മനുഷ്യരുടെ അനശ്വരത നശ്വരതകളുടെ തുടര്‍ച്ചകളാണ്. മനുഷ്യന്‍ എന്നത് തുടര്‍ച്ചയാണ്. അതിനാണ് വംശോല്പാദനം നടക്കുന്നത്. അങ്ങനെയാണ് മനുഷ്യര്‍ തുടരുന്നത്. അതുകൊണ്ടാണ് നമ്മള്‍ മനുഷ്യന്‍ എന്ന ഒരു ആശയം വഹിക്കുന്നത്. അതായത് എല്ലാ മനുഷ്യരും ചേര്‍ന്ന ഒരു മനുഷ്യന്‍ ഉണ്ട്. മനുഷ്യനും ഒരു ഇീിരലുൗേമഹ യലശിഴ ആകുന്നു. അതിന്റെ സൂചിതങ്ങള്‍ ഓരോ പരിണാമഘട്ടങ്ങളിലും ചരിത്ര ഘട്ടങ്ങളിലും ഓരോന്നാണ്. അവിടെ കവി എന്നതോ സൂപ്പര്‍ സ്റ്റാര്‍ എന്നതോ സ്വേച്ഛാധിപതി എന്നതോ വെറും നീര്‍ക്കുമിളയാണ്.