സഹിക്കുക, വിലപിക്കുക, നിരാശപ്പെടുക, സുഖിക്കുക എന്ന ജീവിതം

Articles

ചിന്ത / എസ് ജോസഫ്

ശൂന്യത എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഞാന്‍ ഏറെ മുമ്പു മുതല്‍ അന്വേഷിക്കുന്നതാണ്. നിശ്ശൂന്യത നടമാടും പാതിരതന്‍ മച്ചുകളില്‍ നിരനിരയായ് കത്തിക്കും മായാ ദീപം എന്ന് ഇടശ്ശേരി . ശൂന്യതയ്ക്ക് കളിപ്പാനൊരുക്കിയിട്ട കളം കണക്കെ എന്ന് ആശാന്‍. ഇതെല്ലാം വിചിത്രമായ ഓരോരോ കല്പനകള്‍ എന്നേ പറയേണ്ടു. ശൂന്യത എന്നാല്‍ ഒന്നും ഇല്ലാത്ത ഒരവസ്ഥ എന്നു പറയാം. പക്ഷേ ഒന്നും ഇല്ലാത്ത ഒരവസ്ഥ ഞാന്‍ എങ്ങും കണ്ടിട്ടില്ല.

ഞാന്‍ എം.എ ക്ലാസില്‍ പഠിപ്പിക്കാന്‍ എത്തിയപ്പോള്‍ ക്ലാസ് ശൂന്യമായിരുന്നു. കുട്ടികള്‍ ഇല്ലെന്നേ അതിന് അര്‍ത്ഥമുള്ളു. മേശയും കസേരകളും സ്റ്റാന്റും ബോര്‍ഡും ടി.വിയും പ്രൊജക്ടറും ഒക്കെ ഉണ്ടായിരുന്നു. എന്നിട്ടും ശൂന്യമായിരുന്നു. കഷ്ടം.

30 ല്‍ അധികം ആണ്ടുകള്‍ക്ക് അപ്പുറം ഞാന്‍ ഒരു പെണ്‍കുട്ടിയെ കാത്ത് തിരുവനന്തപുരത്തെ കിഴക്കേ കോട്ടയില്‍ നിന്നു. കാണാത്തതിനാല്‍ അവിടന്ന് ഞാന്‍ തമ്പാന്നൂര്‍ക്ക് പോയി , അവള്‍ അവിടെ കാണുമെന്നു കരുതി. വീണ്ടും ഞാന്‍ കിഴക്കേ കോട്ടയ്ക്കു പോയി. എനിക്ക് ഭ്രാന്തായിപ്പോയി. അവളെ എങ്ങും കണ്ടില്ല. ഞാന്‍ നിരാശനായി. അവളില്ലാത്തതിനാല്‍ നഗരം ശൂന്യമായിട്ടെനിക്കുതോന്നി. അവളോട് കടുത്ത പ്രണയത്തിലായിരുന്നു ഞാന്‍. ഞാന്‍ അക്കാര്യം ഒരിക്കലും അവളോട് പറഞ്ഞില്ല. നഗരം ശൂന്യമായിരുന്നില്ല. നഗരത്തില്‍ എല്ലായിടത്തും അവള്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങും ഉണ്ടായിരുന്നുമില്ല.

എന്നാല്‍ അവള്‍ ഒരിടത്തുണ്ടായിരുന്നു. ഒരു പക്ഷേ വീട്ടിലേക്കുള്ള ബസില്‍. അഥവാ വീട്ടിലേക്കുള്ള മണ്‍വഴിയില്‍ അഥവാ വീട്ടില്‍. അവള്‍ ഇല്ലാത്ത നഗരത്തില്‍ അവളെ അന്വേഷിച്ച് അലഞ്ഞുനടന്ന ഞാന്‍ മുള്ള നാസുറുദീന്റെ കഥാപാത്രമായി.

മൂന്നു പേര്‍ തൂങ്ങി മരിച്ച വീട് ശൂന്യമായിരുന്നു. ഞാന്‍ ഒറ്റയ്ക്ക് അവിടെ ജീവിച്ചു. മൂന്നുപേര്‍ മൂന്നു ശൂന്യതകള്‍. അവരെ അടക്കിയ സ്ഥലം ഇതല്ല. പക്ഷേ അവര്‍ ഇവിടെയുണ്ടെന്ന് എനിക്കു തോന്നി. അവര്‍ മരിച്ച മുറികള്‍ ഞാന്‍ കണ്ടു. ആ മുറികളില്‍ കട്ടിലോ മേശയോ ഉണ്ടായിരുന്നില്ല. പക്ഷേ അവര്‍ അവിടെ അദൃശ്യരായി നിറഞ്ഞു നിന്നു. എന്റെ ഭയം , ശൂന്യത , അവരുടെ അഭാവം , അവരുടെ സാന്നിധ്യം. ശൂന്യത ഭയമായി മാറി. ഇതൊരു സങ്കീര്‍ണ പ്രശ്‌നമാണ് . ഞാനതുമായി അധികം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ശൂന്യമായ ഒരു അവസ്ഥ ഭൂമിയില്‍ ഇല്ല. ബഹിരാകാശത്ത് വായുവില്ലാത്തതിനാല്‍ ശൂന്യാകാശം എന്നു പറയും . പക്ഷേ അവിടെ സ്ഥലം ഉണ്ട്. ശൂന്യമായ സ്ഥലം . അത് ഉണ്‍മയാണ് . ഉള്ള അവസ്ഥയാണ്. നാമറിയുന്നതേ നമുക്കറിയൂ. ഒരു തുള്ളി അറിവാണ് എന്റെ അറിവ്. എന്റെ അറിവ് ഉണ്‍മയും അറിവില്ലായ്മ ശൂന്യതയുമാണ്. പക്ഷേ അത് ശൂന്യമല്ല.

ഞാന്‍ ഒരു ശാസ്ത്രജ്ഞനല്ലല്ലോ. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് അല്പം മാത്രം. എങ്കിലും പരമാവധി 500 പ്രാഞ്ചങ്ങള്‍ ഉണ്ടെന്ന് കരുതിയാല്‍ അതിന്റെ അപ്പുറം എന്തുണ്ട് ? അതിന്റെ അപ്പുറം ശൂന്യതയാണെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ശൂന്യത ഉണ്മയാണെന്ന് ഞാനും പറയും. ഒരു പിടിയും കിട്ടാത്ത ലോകത്ത് ജീവിക്കുക , പ്രഞ്ചത്തില്‍ എവിടെയാണെന്നറിയാതെ ജീവിക്കുക. ലക്ഷ്യമില്ലാതെ ജീവിക്കുക , ദിവ്യദു:ഖത്തിന്റെ നിഴലില്‍ ഇരിക്കുക. കണ്ടു കിട്ടാത്തവരെ അന്വേഷിക്കുന്നു. കാമത്തെ , പ്രണയത്തെ, വന്യമായ സ്‌നേഹത്തെ. ലോക്കറില്‍ വച്ചിട്ട് പണമുണ്ടാക്കാന്‍ നടക്കുക. എപ്പൊഴാണ് ഭൂകമ്പം , എപ്പോഴാണ് പ്രളയം , എപ്പോഴാണ് മരണം എന്നറിയാതെ ജീവിക്കുക.

ഒന്നോര്‍ത്താല്‍ എത്ര രസകരമാണ് ജീവിതം . സഹിക്കുക , വിലപിക്കുക , നിരാശപ്പെടുക , സുഖിക്കുക എന്ന ജീവിതം.