ന്യൂദല്‍ഹി: കാനം രാജേന്ദ്രന്റെ മരണം ഇടതുമുന്നണിക്ക് തീരാനഷ്ടമാണെന്ന് രാഷ്ട്രീയ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിലപാടുകളിലെ കാര്‍ക്കശ്യവും സൗമ്യ മുഖവുമായിരുന്നു കേരള രാഷ്ട്രീയത്തില്‍ കാനത്തെ വ്യത്യസ്ഥനാക്കിയത്. എന്നും തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം.
സംഘടന പ്രവര്‍ത്തനത്തിലും നിയമസഭ പ്രവര്‍ത്തനത്തിലും ഒരുപോലെ തിളങ്ങിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാള്‍. എന്നും ശരിയുടെ പക്ഷത്ത് മാത്രം നിലകൊണ്ടു. തെറ്റ് ആര് ചെയ്താലും മാന്യമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കാറില്ലായിരുന്നു. പ്രതിയോഗികളെ ഒരിക്കലും അദ്ദേഹം വാക്കുകള്‍ കൊണ്ട് പരുക്കേല്പിച്ചിട്ടില്ല. എന്നാല്‍ രസകരമായി തനിനാടന്‍ കോട്ടയം ഭാഷയില്‍ അവരെയെല്ലാം പ്രഹരിക്കാന്‍ മറന്നതുമില്ല. നിയമസഭയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു അദ്ദേഹം. നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ സ്വകാര്യ ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സുപോലെ തന്നെ കാനത്തെ കൊച്ചുകളപ്പുരയിടത്തില്‍ വീടിന്റെ മുറ്റം കക്ഷി രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കയറിച്ചെല്ലാവുന്ന ഇടമായിരുന്നുവെന്നും അനു ചാക്കോ അനുസ്മരിച്ചു.