കൂടെ താമസിച്ചിരുന്ന സ്ത്രീയെ ആശുപത്രിയിലെത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

Crime

കൊച്ചി: കൂടെ താമസിച്ചിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളില്‍ കടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി കെ വി ഷാജു(57)വാണ് അറസ്റ്റിലായത്. പെരുവ മുളക്കുളം സ്വദേശിനിയേയാണ് ഇയാള്‍ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ കോട്ടയം വടവാതൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയിലെത്തിയ പ്രതി മുറിക്കുള്ളില്‍ കടന്ന് സ്ത്രീയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സ്ത്രീ വിധവയാണ്. കുറച്ചുനാളായി ഈ സ്ത്രീയുമായി അടുപ്പത്തിലായി ഒരുമിച്ച് താമസിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും സ്ത്രീയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഈ കേസില്‍ ഇയാള്‍ പൊലീസ് പിടിയിലാവുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതി, സ്ത്രീ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നറിഞ്ഞ് ഇവിടെയെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി. മണര്‍കാട് പോലീസാണ് പ്രതിയെ പിടികൂടിയത്.