ചിന്ത / എ പ്രതാപന്‍
തീവണ്ടിയുടെ ഒരു കമ്പാര്‍ട്ട്‌മെന്റിലിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മുന്നോ പിന്നോ ഇല്ല. ചലനത്തിന്റെ ഒരു തുണ്ടു സ്ഥലത്തില്‍ നിങ്ങള്‍ ഇരിക്കുന്നു. നിങ്ങളുടെ കാഴ്ചകള്‍ വശങ്ങളിലേക്ക് പരിമിതപ്പെട്ടവയാണ്. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ ജനലരികിലെ സീറ്റിലായിരുന്നു. തീവണ്ടി അപ്പോള്‍ ഒരു വളവ് തിരിയുകയായിരുന്നു. പിറകില്‍ പെട്ടെന്ന് ഒരു വാല്‍ പോലെ എന്റെ യാത്ര പിന്നില്‍ ഇഴയുന്നത് എനിക്ക് കാണാനായി. ഞാന്‍ തിരിഞ്ഞ് മുന്നിലേക്ക് നോക്കി. കുറേ അകലത്തില്‍ എന്റേതു കൂടിയായ ഒരു ചലനത്തിന്റെ തുണ്ടുകള്‍ എനിക്ക് മുന്നേ നീങ്ങിക്കൊണ്ടിരിക്കുന്നത് തെളിഞ്ഞു വന്നു.

ജീവിതത്തിന്റെ അപ്രതീക്ഷിതമായ ചില വളവുകളില്‍, തിരിവുകളില്‍, അതു വരെ ഗോചരമല്ലാതിരുന്ന നമ്മുടെ തന്നെ ഭൂതകാലത്തിന്റെ, നമ്മള്‍ ഇനിയും എത്തിയിട്ടില്ലാത്ത ഭാവിയുടെ , അപൂര്‍വ്വവും , മിന്നിമറയുന്നതുമായ ക്ഷണിക ദര്‍ശനം പോലെ.