എം കെ രാംദാസ്
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനം ഇറാനിയന്‍ ചിത്രം അക്കിലിസ് ഉള്‍പ്പടെ പ്രദര്‍ശിപ്പിക്കുന്നത് അഞ്ച് മത്സരചിത്രങ്ങള്‍. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മാനുഷിക സംഘര്‍ഷങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈവിള്‍ ഡസ് നോട്ട് എക്‌സിസ്‌ററ്, സണ്‍ഡേ, അക്കിലിസ്, പ്രിസണ്‍ ഇന്‍ ദി ആന്റെസ്, സെര്‍മണ്‍ ടു ദി ബേര്‍ഡ്‌സ് എന്നീ ചിത്രങ്ങളാണ് സ്‌ക്രീനിലെത്തുന്നത്.
ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ജാപ്പനീസ് സംവിധായന്‍ റുസ്യുകെ ഹാമാഗുച്ചിയാണ് ഈവിള്‍ ഡസ് നോട്ട് എക്‌സിസ്റ്റിന്റെ സംവിധായിക. ടകുമി എന്നയാളുടെ ഗ്രാമത്തിലേക്ക് വ്യവസായികള്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന പാരിസ്ഥിതിക സാമൂഹിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷോക്കിര്‍ ഖോലിക്കോവ് എന്ന നവാഗത ഉസ്‌ബെക്കിസ്ഥാന്‍ സംവിധായകന്റെ ചിത്രമായ സണ്‍ഡേ രണ്ട് തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് പ്രമേയമാക്കിയിരിക്കുന്നത്.
ഒരു രാഷ്ട്രീയ തടവുകാരിയെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന മുന്‍ ചലച്ചിത്രനിര്‍മാതാവിന്റെ ജീവിതം ഇതിവൃത്തമാക്കിയ ഫര്‍ഹാദ് ദെലാറാമിന്റെ ഇറാനിയന്‍ ചിത്രം അക്കിലിസ്, അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ആഡംബര ജീവിതം നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന കുറ്റവാളികളുടെ കഥപറയുന്ന പ്രിസണ്‍ ഇന്‍ ദി ആന്റെസ്, ഹിലാല്‍ ബയ്ദറോവിന്റെ അസര്‍ബെയ്ജാന്‍ ഫാന്റസി ചിത്രം സെര്‍മണ്‍ ടു ദി ബേര്‍ഡ്‌സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.