ഓര്‍മ്മ / കെ കെ സുരേന്ദ്രന്‍
എസ് എഫ് ഐ പ്രവര്‍ത്തകരായിരുന്ന അലനെയും താഹയേയും മാവോവാദി ബന്ധമാരോപിച്ച് UAPA ചുമത്തി അറസ്റ്റു ചെയ്ത ഘട്ടത്തില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അവര്‍ ( അലനും ത്വാഹയും) ചായ കുടിക്കാന്‍ പോയതു കൊണ്ടല്ല അവരെ പിടിച്ചതെന്നാണ്. അടിയന്തിരാവസ്ഥയെ എതിര്‍ത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ദീര്‍ഘകാലം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും ചെയ്ത വന്ദ്യ വയോധികനായ നേതാവ് ഭരണാധിപനായപ്പോഴുണ്ടായ പരിണതിയാണ് മേല്‍ സൂചിപ്പിച്ചത്.
അഭിനവ കാലത്തെ റൊമാന്റിക് റവലൂഷണറിയായ രൂപേഷ്, കൊല്ലപ്പെടാതെ പിടിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ അടക്കപ്പെട്ട സന്ദര്‍ഭത്തില്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജയിലില്‍ സന്ദര്‍ശിച്ച് അദ്ദേഹത്തിന് സഹായ വാഗ്ദാനം നടത്തി.

പാര്‍ലമെന്ററി പാതയിലേക്ക് വരുകയും സായുധ വിപ്ലവം പ്രായോഗികമായി ഉപേക്ഷിക്കുകയും ചെയ്ത രണ്ട് കമ്യുണിസ്റ്റു പാര്‍ട്ടികളുടെ നേതാക്കന്മാര്‍, സായുധ വിപ്ലവം ഇപ്പോഴും മുഖ്യ അജണ്ടയാക്കിയ പാര്‍ലമെന്ററി പ്രവര്‍ത്തനം ഉപേക്ഷിച്ച കമ്യൂണിസ്റ്റുകളോടെടുത്ത നിലപാടാണ് ഇവിടെ കണ്ടത്.
ഭരണകൂടത്തിന്റെ ഭാഗമായിരുന്നുതന്നെ, മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്ന ഗവണ്‍മെന്റ് നടപടികളെ എതിര്‍ക്കാനുള്ള ആര്‍ജവവും ഇടതുപക്ഷ മൂല്യവും ഉയര്‍ത്തിപ്പിടിച്ചതാണ് കാനം രാജേന്ദ്രനെന്ന കമ്യുണിസ്റ്റ് നേതാവിന്റെ ഔന്നത്യം.

പരുന്ത് ഉയരത്തില്‍ പറക്കുമ്പോഴും ചിലപ്പോള്‍ നിലത്തിരിക്കാറുണ്ട്. അതുകൊണ്ട് പരുന്തൊരിക്കലും കോഴിയാകുന്നില്ല. കാനത്തിന്റെ അവസാന കാല നിലപാടുകളെ അങ്ങനെയേ കാണേണ്ടതുള്ളു. കമ്യുണിസ്റ്റ് സാഹോദര്യം ഉയര്‍ത്തിപ്പിടിച്ച ധീര സഖാവിന് ആദരാഞ്ജലികളോടെ ലാല്‍ സലാം.