ഫുട്‌ബോള്‍ മലപ്പുറത്തിന്‍റെ കുത്തകയായിരുന്നില്ല, ‘ശേഷം മൈക്കില്‍ ഫാത്തിമയോട്’ സാദൃശ്യം

Articles

നസീം ബീഗം

ഫുട്‌ബോള്‍ മലപ്പുറത്തിന്റെ മാത്രം കുത്തക ആയിരുന്നില്ല. ഒരുകാലത്ത് എന്റെ നാടായ വര്‍ക്കലയില്‍ ആരും കേട്ടിട്ടു കൂടിയില്ലാത്ത കുരക്കണ്ണിക്കു സമീപത്ത് വിളക്കുളം ഗ്രൗണ്ടില്‍ എത്രയോ ഫുട്‌ബോള്‍ ക്ലബ് മത്സരങ്ങള്‍ നടന്നിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ കളിക്കാന്‍ വരാറുണ്ടായിരുന്നു. അതെന്റെ സ്‌കൂള്‍ കാലം. സിനിമയുടെ അനൗന്‍സമെന്റും നോട്ടീസ് വിതരണവുമൊക്കെ ഉണ്ടായിരുന്നു. 1980 കളില്‍ ഉണ്ടായിരുന്ന മത്സരങ്ങള്‍ പിന്നീട് നിന്നു പോയതോ എന്റെ ശ്രദ്ധയില്‍ പെടാത്തതോ എന്നുറപ്പില്ല. 1990കള്‍ ആയപ്പോള്‍ ആര്‍ട്‌സ് ക്ലബുകളുടെയും അവസാനമായി. അക്കാലത്ത് ഓണക്കളി മത്സരങ്ങളില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ മത്സരങ്ങളും അത് കാണാന്‍ വമ്പിച്ച ജനക്കൂട്ടവും ഉണ്ടാകും. വിഡ്ഢി പെട്ടിയുടെ വരവോടെ എല്ലാം അസ്തമിച്ചു എന്ന് പറയാം. അല്ലെങ്കില്‍ നമ്മള്‍ പുതിയ കാര്യങ്ങള്‍ക്ക് പിന്നാലെ പാഞ്ഞപ്പോള്‍ പഴയതൊക്കെ സൗകര്യപൂര്‍വം മറന്നു.

അക്കാലത്ത് ആണ്‍ പെണ്‍ സൗഹൃദം അത്ര പുകില് പിടിക്കുന്ന കാര്യവും അല്ലായിരുന്നു. എനിക്കും കൂട്ടുകാരായി കൂടുതലും ആണ്‍കുട്ടികള്‍ ആയിരുന്നു. ഇന്നത്തെ പോലെ എല്‍ കെ ജി പോകുന്ന കുട്ടിയോടും ബോയ് ഫ്രണ്ട് ഗേള്‍ ഫ്രണ്ട് എന്ന് പറഞ്ഞു കളിയാക്കുന്ന പതിവും ഇല്ലായിരുന്നു. ആകെ കേട്ട ഒരു കുശുകുശുപ്പ് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകനുമൊത്തു ശിവതാണ്ഡവം നൃത്തം ചെയ്തത്. മറ്റുപെണ്‍കുട്ടികള്‍ ഞാന്‍ ആദ്യം ചെയ്ത വെമാലഹല ൈവീരകൃത്യമായി അതിനെ കണ്ടു. പറഞ്ഞു വന്നത് കേരളം ഇങ്ങനെയൊക്കെ ആയിരുന്നു എന്നു മാത്രം.

മുകളില്‍ കുറിച്ച വരികള്‍ക്ക് ഹേതു ‘ ശേഷം മൈക്കില്‍ ഫാത്തിമ ‘ എന്ന പുതിയ ചലചിത്രമാണ്. ഇതു വെറുമൊരു സിനിമ ആയിരിക്കാം. കല്പിത കഥയായിരിക്കാം. പത്രപ്രവര്‍ത്തക ആകാന്‍ വേണ്ടി ജീവിതത്തില്‍ ഞാന്‍ നേരിട്ട പലതും, പല സന്ദര്‍ഭങ്ങളും ഇതില്‍ കാണാന്‍ ഇടയായി. ഒരു ഡയലോഗ് അപ്പടി പകര്‍ത്തിയത് പോലുണ്ട്. ആരോ അതൊക്കെ മോഷ്ടിച്ചു സിനിമ ആക്കിയതുപോലെ. സിനിമയിലെ കഥാപാത്രത്തിന് പിന്തുണ നല്‍കാന്‍ അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരും നാട്ടുകാരും ഒക്കെ ഉണ്ട്. അത് കൊണ്ടു ഇത് എന്റെ കഥയല്ല. രസകരമായ സിനിമയുടെ പ്രമോഷന്‍ ഫേസ്ബുക്കില്‍ കണ്ടില്ല. ഇത്തരം മുസ്ലിം കഥാപാത്രങ്ങള്‍ മലപ്പുറത്ത് നിന്നുള്ളവര്‍ ആയിരിക്കണം എന്ന വാശി സിനിമാക്കാര്‍ ഒഴിവാക്കണം. ഇതൊക്കെ എല്ലായിടത്തും പെണ്‍കുട്ടികള്‍ നേരിടുന്നുണ്ട്. അതിനെ ചെറുത്തു തോല്‍പ്പിക്കുന്നുണ്ട്. പക്ക എന്റര്‍ടെയ്‌നര്‍. സിനിമ കണ്ടു ബുദ്ധിജീവി ആകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു പക്ഷേ പിടിക്കില്ല.

(രാജ്യാന്തര പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് നസീം ബീഗം)