ബീരാനെ കൊലപ്പെടുത്താന്‍ ചന്ദ്രമതി നേരത്തെ തീരുമാനിച്ചു; കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ

Crime

സുല്‍ത്താന്‍ ബത്തേരി: പഴേരി തോട്ടക്കരയില്‍ പുരുഷ സുഹൃത്തിനെ മധ്യവയസ്‌ക വെട്ടിക്കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. സുല്‍ത്താന്‍ ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടന്‍ ബീരാന്‍ (58) നെ കൊലപ്പെടുത്താന്‍ കൃത്യമായ ആസൂത്രണം ചന്ദ്രമതി നടത്തിയെന്നാണ് പുറത്തുവരുന്നത്. ബീരാനെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രമതി (54)യെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടോടെ ചന്ദ്രമതിയുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. ഉച്ചയോടെ തന്നെ ബീരാന്‍ പഴേരിയിലുള്ള ചന്ദ്രമതിയുടെ വീട്ടിലെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞുവിടുകയും ചെയ്തു. പിന്നീട് വൈകിട്ട് ദേവകി തിരികെയെത്തിയപ്പോഴാണ് വീടിന് പിറകുവശത്ത് ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലില്‍ കഴുത്തിന് വെട്ടേറ്റുമരിച്ച നിലയില്‍ ബീരാനെ കണ്ടെത്തുന്നത്. ബീരാനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രമതി അമ്മ ദേവകിടെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നാണ് സൂചന.

ബീരാനും ചന്ദ്രമതിയും സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇരുവരും ചേര്‍ന്ന് അടുത്തിടെ ഒരു ഗുഡ്‌സ് ഓട്ടോ വാങ്ങി. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ചന്ദ്രമതിയെ ഇരുപതു വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ ഭര്‍ത്താവ് കുട്ടപ്പന്‍ ഒരുവര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ചന്ദ്രമതി മീനങ്ങാടി ഭാഗത്തുനിന്ന് വിവാഹം കഴിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചു.

അതിനിടെ ചന്ദ്രമതി എഴുതിയതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബീരാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗുഡ്‌സ് ഓട്ടോയിലുള്ള കയര്‍ എടുത്തു കൊണ്ടു വന്നാണു ചന്ദ്രമതി തൂങ്ങിയതെന്നാണു പൊലീസ് നിഗമനം. ചന്ദ്രമതിയും ബീരാനും തമ്മില്‍ കഴിഞ്ഞ 13 വര്‍ഷത്തെ ബന്ധമുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയിലേക്കു ബീരാന്‍ മത്സരിച്ചു തോറ്റിരുന്നു.