വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍
എന്തിന് ഭംഗി വാക്ക് പറയുന്നു? മുസ്ലിംലീഗ് അടിസ്ഥാനപരമായി ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി തന്നെയാണ്. ആ പാര്‍ട്ടി ഏകശിലാരൂപത്തില്‍ ഉള്ളതല്ല. ആ പാര്‍ട്ടിയില്‍, പ്രത്യേകിച്ച് യൂത്ത് ലീഗില്‍ ലിബറല്‍ അംശങ്ങള്‍ ഉള്ളവരും ഉണ്ട്. ഒരു പക്ഷെ കേരളത്തിലെ എനിക്കറിയാവുന്ന ഏറ്റവും നല്ല യുവജന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആ കൂട്ടത്തില്‍ ആണ് ഉള്ളത്. എന്നാല്‍, അവര്‍ പല വിധ കാരണങ്ങളാല്‍ ദിനംപ്രതി പ്രക്ഷീണരായി വരുന്നു. മുസ്ലിംലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടി അല്ലെങ്കില്‍ പത്തു കോടി മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിന് ഉതകുന്ന മുത്തലാക് നിരോധനത്തിനും ഏക സിവില്‍ കോഡിനും അവര്‍ എതിര്‍ നില്‍ക്കില്ലായിരുന്നു.
മുസ്‌ലിം ലീഗ് ഇപ്പോള്‍ ചെയ്യുന്നത് എന്താണ്? മുത്തലാക്കും ഇപ്പോള്‍ നിലവിലുള്ള മുസ്‌ലിം വ്യക്തി നിയമവും എന്തോ വലിയ പുരോഗമനാശയങ്ങള്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു. കേരളവും ഇന്ത്യയും ഏതോ ഇസ്ലാമികരാജ്യങ്ങള്‍ ആണെന്ന അധികാരഭാവത്തില്‍ മുത്തലാക്കിനും മുസ്‌ലിം സിവില്‍ കോഡിനും പുരോഗമനപ്രതിഛായ കൊണ്ടു വരാന്‍ വേണ്ടത്ര ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ‘മതേതര പാര്‍ട്ടികള്‍ ‘ആയ കമ്മികളെയും കൊങ്ങികളെയും അവര്‍ ശാസിക്കുന്നു.
അസ്തിത്വപ്രശ്‌നം മൂലം കമ്മ്യൂണിസ്റ്റ് ഗാന്ധിയന്‍ പ്രത്യയശാസ്ത്രഭാണ്ഡക്കെട്ടുകള്‍ ഒക്കെ പണ്ടേ കാലിയാക്കിയ ഗതികെട്ട അവരാകട്ടെ ,ഉടനെ തന്നെ മുസ്ലീം സംഘടനകളേക്കാള്‍ ഉച്ചത്തില്‍ മുത്തലാക്‌നിരോധനത്തിനും ഏക സിവില്‍ കോഡിനും എതിരെ ഒച്ചയിടുന്നു.35 കൊല്ലം മുന്‍പ് ഇ. എം. എസ്.മാതുലന്‍ ശരിയത്തിനെതിരെ സംസാരിച്ചത് മൂലം ലീഗിന്റെ തെറി കേട്ടതാണ് എന്നതൊന്നും പിണറായിസ്റ്റുകള്‍ക്ക് ഇപ്പോള്‍ ഒരു വിഷയമല്ല.
പണ്ടേക്ക് പണ്ടേ ആത്മാവ് വിറ്റ സാംസ്‌കാരികനായകഭിക്ഷാീദേഹികളൊക്കെ മനുഷ്യന് മനസ്സിലാകാത്ത ഗ്രീക്കിലോ സംസ്‌കൃതത്തിലോ ഒക്കെ നിരന്തരം അപഗ്രഥിച്ച് അപഗ്രഥിച്ച് ഏഴാം നൂറ്റാണ്ടിന് യോജ്യമായ മുസ്‌ലിം യാഥാസ്ഥിതികത്വത്തെ സഹായിക്കുന്നു. അവസരവാദികള്‍ ആയ ഫെമിനിസ്റ്റ് കമ്മിണികള്‍ എന്ത് പറയണം എന്നറിയാതെ വാ മൂടിയിരുന്ന് പത്തു കോടി സഹജീവികളെ വഞ്ചിക്കുന്നു.
ഏക സിവില്‍ കോഡ് വളരെ ലളിതമാണ്. മൂന്നേ മൂന്നു വാക്കുകള്‍ . സ്ത്രീ പുരുഷ സമത്വീ. അതിനെതിരെ നിങ്ങളോ നിങ്ങളുടെ വാലുകളായ കമ്മികളും കൊങ്ങികളും സാംസ്‌കാരികനായകനാറികളും എത്ര ഒച്ചയിട്ടാലും അതിന്റെ ലിംഗനീതിസത്യം മറച്ചു വക്കാന്‍ ആവില്ല.
ഇടയ്ക്കിടെ ലീഗുകാര്‍ ഒരു തമാശ പറയുന്നത് കേള്‍ക്കാം :’മതേതരശക്തികള്‍ ഒത്തൊരുമിച്ച് കേന്ദ്രത്തിലെ വര്‍ഗ്ഗീയതയെ എതിര്‍ത്ത് തോല്പ്പിക്കണം ‘ എന്ന്. ഇടയ്ക്കിടെ സുഡാപ്പികളും ഈ തമാശ ആവര്‍ത്തിക്കും. തോല്‍പ്പിക്കേണ്ടത് അത്യാവശ്യം തന്നെ. പക്ഷെ, ആരാണ് ഇപ്പുറത്തെ മതേതരശക്തികള്‍? മുത്തലാക്കിനെയും മുസ്‌ലിം വ്യക്തിനിയമത്തെയും അനുകൂലിക്കുന്ന കമ്മികളും കൊങ്ങികളും മതേതരശക്തികള്‍ ആണ് !കൂട്ടത്തില്‍ ,ഇടയ്ക്കിടെ മിതവാദ മത മൗലികവാദ തീവ്രവാദങ്ങളുടെ അതിര്‍ത്തിരേഖകള്‍ പോലും മറന്ന് പോകുന്ന മുസ്ലിം ലീഗും ഭയങ്കരമാന മതേതരര്‍. നിങ്ങള്‍ മതേതരര്‍ ആണെങ്കില്‍ കേരളത്തില്‍ നിഷ്‌കുകളായ ബി. ജെ. പി. യും ശ്രീരാമസേനയും കാസയും ഒക്കെ മതേതരര്‍ തന്നെ.
കമ്മികള്‍ ചാന്‍സലറെ മാറ്റണമെന്ന് പറയുന്നത് എന്ത് കൊണ്ടാണ്? അച്ചി നിയമനം ഉള്‍പ്പടെയുള്ള സ്വജനപക്ഷപാതത്തിന് ചാന്‍സലര്‍ തടസ്സമാകുന്നത് കൊണ്ട്.കൊങ്ങികള്‍ ചാന്‍സലറെ മാറ്റണമെന്ന് പറയുന്നത് എന്ത് കൊണ്ടാണ്?ലീഗ് മരണാസന്നമായ ആ പാര്‍ട്ടിയെ കണ്ണുരുട്ടി ഭയപ്പെടുത്തുന്നത് കൊണ്ട്.ലീഗ് ചാന്‍സലറെ മാറ്റണമെന്ന് പറയുന്നത് എന്ത് കൊണ്ടാണ്?ചാന്‍സലര്‍ ശരിയത്ത് വിവാദ കാലത്തെ ഖലനായകനായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ആയതു കൊണ്ട്. അയാളോടുള്ള പക തീരാത്തത് കൊണ്ട്.
ഇതുപോലുള്ള ഓരോ വിഷയത്തിലും കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള ഏറിയേറി വരുന്ന അടിമ ഉടമ ബന്ധം അരോചകമാണ് . അത് കാലക്രമേണ കോണ്‍ഗ്രസിന്റെ പുകയും കണ്ടേ തിരിച്ചുപോകൂ .പിണറായി കുഞ്ഞാലിക്കുട്ടിയിലൂടെ കോണ്‍ഗ്രസ്സിനെ നിയന്ത്രിച്ചു തുടങ്ങിയിട്ട് എത്ര കാലമായി! അയാളുടെ നടപടികള്‍ കാണുമ്പോള്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെ നിയമിച്ചത് തന്നെ കുഞ്ഞാലിക്കുട്ടി യിലൂടെ പിണറായിയാണെന്ന് എനിക്ക് ബലമായ സംശയമുണ്ട്.
ഷാ ബാനു കാലത്തെ കുറിച്ച് വ്യക്തമായ ഓര്‍മ്മയുള്ള എനിക്ക് പറയാന്‍ കഴിയും ആരിഫ് മുഹമ്മദ് ഖാന്‍ അന്ന് കാണിച്ച ആദര്‍ശനിഷ്ഠയും ലിംഗനീതിയോടുള്ള പ്രതിബദ്ധതയും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വളരെ കുറച്ച് രാഷ്ട്രീയക്കാരെ കാണിച്ചിട്ടുള്ളു. ഇന്നത്തെ മോദിയോളം തന്നെ ശക്തനായിരുന്ന രാജീവിനെ തൃണവല്‍ഗണിച്ച് അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന അയാളുടെ ജീവിതത്തിലെ കറുത്ത പാട് രണ്ട് വര്‍ഷത്തോളം കാരണഭൂതന്റെ പല കുകൃത്യങ്ങള്‍ക്കും അയാള്‍ കുട പിടിച്ചു കൊടുത്തു എന്നത് മാത്രമാണ്.
വളരെ സ്ത്രീവിരുദ്ധമായ ഒരു ആശയത്തെ ആസ്പദമാക്കിയുള്ള മുസ്‌ലിം ലീഗിന്റെ പകയുടെ പേരില്‍, കേരളത്തിലെ രണ്ട് മുന്നണികളുടെ അധികാരാക്രാന്തത്തിന്റെപശ്ചാത്തലത്തില്‍,ഇത :പര്യന്തമുള്ള കേരളപുരോഗമനത്തിനെ തന്നെ മോചനദ്രവ്യമാക്കാനാണ ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്. അത് വിജയിക്കാന്‍ ഇടയില്ല.
അതിനിടയിലാണ് ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന വലിയ അസംബന്ധം എല്ലാവരും ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കുന്നത്.
മുസ്ലിംലീഗ് അടിസ്ഥാനപരമായി ഒരു വര്‍ഗ്ഗീയപ്പാര്‍ട്ടി തന്നെയാണ്.ഒരു ഡെക്കറേഷനും വേണ്ട.കേരളത്തിലെ പ്രബുദ്ധമുസ്ലീങ്ങള്‍ പോലും അത് ഉറക്കെ പറയും.
പ്രതിബദ്ധസംഘികള്‍ ഈ കുറിപ്പിനോട് പ്രതികരിക്കേണ്ട. നിങ്ങളും നിയമവാഴ്ചയെ അംഗീകരിക്കാത്തവര്‍ ആണ്.നിഷിദ്ധര്‍ ആണ്.