ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക് മാര്‍പാപ്പയുടേത്: ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റിയന്‍

Eranakulam

കൊച്ചി: വിവിധങ്ങളായ വിഷയങ്ങളില്‍ ആഗോള കത്തോലിക്കാസഭയുടെ അവസാനവാക്ക് സഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടേതാണെന്നും കത്തോലിക്കാ വിശ്വാസ ചൈതന്യത്തില്‍ ജീവിക്കുന്ന സഭാമക്കള്‍ക്ക് മാര്‍പാപ്പയുടെ കല്പനകളും നിര്‍ദ്ദേശങ്ങളുമനുസരിച്ച് സഭയെ ശക്തിപ്പെടുത്തുവാനും പൊതുസമൂഹത്തില്‍ ക്രിസ്ത്രീയ വിശ്വാസം ഉയര്‍ത്തിപ്പിടിക്കാനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു.

സഭയെന്നാല്‍ സംഘടനയോ സ്ഥാപനമോ അല്ല. മറിച്ച് ആത്മാവില്‍ നിറഞ്ഞ വിശ്വാസിസമൂഹത്തിന്റെ സ്‌നേഹക്കൂട്ടായ്മയാണ്. കത്തോലിക്കാസഭയില്‍ വിശ്വാസം, സന്മാര്‍ഗ്ഗ തീരുമാനങ്ങള്‍ മാര്‍പാപ്പായുടെ അപ്രമാദിത്യമാണ്. വിശുദ്ധ കുര്‍ബാന കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗവും, സാക്ഷ്യവും, ദിവ്യമായ അര്‍പ്പണവുമാണ്. പരസ്പര സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ദൈവകൃപയുടെയും അനുഗ്രഹത്തിന്റെയും വഴികളിലൂടെയാണ് സഭ എക്കാലവും സഞ്ചരിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ തളരാതെ മുന്നേറുന്നതിന് ഒരുമയും സ്വരുമയും കൂട്ടായ്മയും സഭയ്‌ക്കെന്നും ശക്തിപകരും. അഭിപ്രായങ്ങളില്‍ വ്യത്യസ്തതകളുണ്ടാകുമ്പോഴും അനുരഞ്ജനത്തിന്റെയും ഐക്യത്തിന്റെയും സര്‍വ്വോപരി പരസ്പരസ്‌നേഹത്തിന്റെയും വഴിത്താര തുറന്ന് കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് കത്തോലിക്കാസഭയുടെ ചരിത്രം.

രാജ്യത്തെ ഭരണഘടന അനുസരിക്കുവാന്‍ പൗരന്മാര്‍ക്ക് കടമയുള്ളതുപോലെ കത്തോലിക്കാ വിശ്വാസ സംബന്ധിത വിഷയങ്ങളില്‍ സഭയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണം. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ വാക്കുകളും പ്രഖ്യാപനങ്ങളും ശിരസാവഹിക്കുവാന്‍ ഉത്ഥിതനായ ക്രിസ്തുവിനെ ചേര്‍ത്തുപിടിക്കുന്ന വിശ്വാസിസമൂഹത്തിന് കടമയുണ്ട്. സമാധാനവും ഐക്യവും നിലനിര്‍ത്തി പരസ്പര സ്‌നേഹത്തിന്റെയും ആത്മീയ ശുശ്രൂഷകളുടെയും പാതയിലൂടെ പ്രവര്‍ത്തനനിരതരാകുവാന്‍ വിശ്വാസിസമൂഹമൊന്നാകെ അരൂപിയിലും ചൈതന്യത്തിലും പ്രാര്‍ത്ഥനയോടെ കൈകോര്‍ക്കണമെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.