വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

Eranakulam

കൊച്ചി: വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടിയെ (84)ആണ് ഭര്‍ത്താവ് ജോസഫ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. വര്‍ഷങ്ങളായി കിടപ്പ് രോഗിയായിരുന്ന കത്രികുട്ടി മകന്‍ ബിജുവിന്റെയും മകള്‍ ജോളിയുടെയും ഒപ്പമായിരുന്നു താമസം.

വര്‍ഷങ്ങളായി കിടപ്പ് രോഗിയായ ഭാര്യയെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി ആസൂത്രിത കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം ബിജുവും കുടുംബവും സഹോദരി ജോളിയും വീടിന് പുറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം കേട്ട് മുറിയിലെത്തിയപ്പോള്‍ കത്രിക്കുട്ടിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണപ്പെടുകയായിരുന്നു.

തുടര്‍ന്ന് ബിജു മൂവാറ്റുപുഴ പൊലീസില്‍ വിവരമറിയിച്ചു. കൊലപാതക ശേഷം വീട്ടില്‍ നിന്നിറങ്ങിപ്പോയ ജോസഫിനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്ക് അഞ്ച് മക്കളാണ് ഉള്ളത്. ബെന്നി, ജെസി, പൈലി എന്നിവരാണ് മറ്റുമക്കള്‍.