സിനിമ രാഷ്ട്രീയപ്രതികരണത്തിനുള്ള വേദി, പ്രസന്ന വിതാനഗെ

Cinema

തിരുവനന്തപുരം: ഇരുപത്തിമൂന്ന് ശതമാനത്തിലേറെ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള നാട്ടില്‍ നിന്ന് വരുന്ന തനിക്ക് രാഷ്ട്രീയപ്രതികരണത്തിനുള്ള ഉപാധിയാണ് സിനിമയെന്ന് പ്രശസ്ത ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതാനഗെ. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധം കണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ പ്രതികരണം പ്രകടിപ്പിക്കാനുള്ള മാധ്യമമായാണ് ചലച്ചിത്രനിര്‍മ്മാണത്തെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മാസ്റ്റര്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്‍മാരെക്കാള്‍ വികാരങ്ങള്‍ പ്രകടിപ്പിച്ച് അഭിനയിക്കുന്നതില്‍ സ്ത്രീകളാണ് മുന്നില്‍. പുരുഷന്‍മാര്‍ ‘മാച്ചോ’ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാലതാരങ്ങളെ അഭിനേതാക്കളായി പരിഗണിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശമാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.