പ്രകൃതിയുടെ അമിത ചൂഷണം പ്രമേയമാക്കി വിസ്പര്‍സ് ഓഫ് ഫയര്‍ ആന്റ് വാട്ടര്‍, കാണികള്‍ക്കിടയില്‍ മര്‍മ്മരം

Cinema

എം കെ രാമദാസ്

തിരുവനന്തപുരം: ഓഡിയോ ഇന്‍സ്റ്റലേഷന്‍ ആര്‍ടിസ്റ്റായ ശിവയെന്ന യുവാവിന്റെ അന്വേഷണമാണ് ഡോക്യുമെന്ററിയോളം യഥാര്‍ത്ഥ്യവുമായി അടുപ്പം പുലര്‍ത്തുന്ന ഹിന്ദി ചലച്ചിത്രമായ ലുബ്ധക് ചാറ്റര്‍ജിയുടെ ‘വിസ്പര്‍ ഓഫ് ഫയര്‍ ആന്റ് വാട്ടര്‍ ‘. കിഴക്കന്‍ ഇന്ത്യയിലെ വിസ്തൃതമായ കല്‍ക്കരി ഖനികളില്‍ എത്തിപ്പെടുന്ന ശിവ അവിടുത്തെ സാധാരണ മനുഷ്യരുടെ ദുരന്തജീവിതം മനസ്സിലാക്കി നിരാശനാവുന്നു.

ഭൂമിയോടുള്ള ക്രൂരതയാണ് ശിവയെ കൂടുതല്‍ അലട്ടുന്നത്. അയാളുടെ നീക്കങ്ങള്‍ ഖനനം നടത്തുന്ന കമ്പനിയുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ദശ്യ സമ്പന്നമായ ഈ ചലചിത്രം ചൂഷണത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തുന്നു. നിസ്സഹായനായ ശിവ ഒരാദിവാസി ഗ്രാമത്തില്‍ അവരോടൊപ്പം കഴിയുന്നുമുണ്ട്. തിരിച്ചറിവുകള്‍ ശിവയെ ഭ്രമാത്മകമായ മനോഗതിയിലാണെത്തിക്കുന്നത്. പ്രകൃതയുടെ പ്രതികാരം അയാള്‍ സ്വപ്നം കാണുന്നുണ്ട്.

എന്‍ജിനിയറിംഗ് ബിരുദധാരിയായ ലുബ്ധക് ചാറ്റര്‍ജിയുടെ നിരന്തര അന്വേഷണവും കണ്ടെത്തലുമാണ് ഒരര്‍ത്ഥത്തില്‍ ഈ ചിത്രം. രണ്ട് മൂന്ന് ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചുള്ള പരിചയമേ ഈ യുവ സംവിധായകനുള്ളുവെങ്കിലും ‘വിസ്പര്‍സ് ഓഫ് ഫയര്‍ ആന്റ് വാട്ടര്‍ ‘ ഒരു മികച്ച മത്സര ചിത്രം തന്നെയാണ്. സ്വാഭാവികമായ ശബ്ദ പ്രയോജനപ്പെടുത്തുവാനുള്ള ശ്രമമുണ്ടെങ്കിലും അതില്‍ പൂര്‍ണമായി വിജയിച്ചിട്ടില്ല.